ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ പത്തുമുതൽ 15 സീറ്റുകൾ വരെ കുറഞ്ഞേക്കും. കഴിഞ്ഞ തവണ മത്സരിച്ച 144 സീറ്റിൽ ഇത്തവണയും ആർ.ജെ.ഡി മത്സരിക്കുമെന്നാണ് വിവരം.
ബാക്കിയുള്ള സീറ്റുകൾ സി.പി.ഐ എം-എൽ, സി.പി.ഐ, സി.പി.എം എന്നിവർക്കും പുതുതായി സഖ്യത്തിന്റെ ഭാഗമായ മുകേഷ് സാഹ്നി, പശുപതി പരസ് തുടങ്ങിയവർക്കുമായി നൽകാനുമാണ് സാധ്യത. 2020ൽ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
ഇത്തവണയും 70 സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ, 55 മുതൽ 60 വരെ സീറ്റുകൾ വിട്ടുകൊടുത്താൽ മതിയെന്നാണ് ആർ.ജെ.ഡി നേതാക്കൾ പറയുന്നത്.
മുകേഷ് സാഹ്നി, പശുപതി പരസ് തുടങ്ങിയവരെ ഉൾക്കൊള്ളിക്കേണ്ടതും കഴിഞ്ഞ തവണത്തെ കോൺഗ്രസിന്റെ മോശം പ്രകടനവും ചൂണ്ടിക്കാട്ടി സീറ്റുകളുടെ എണ്ണം കുറക്കുമെന്ന് ആർ.ജെ.ഡി നേതാക്കൾ പറയുന്നു. സീറ്റുകൾ പങ്കുവെക്കുന്നതിൽ ധാരണയിലേക്ക് എത്തുന്നുണ്ടെന്നും എല്ലാവർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആർ.ജെ.ഡി നേതാവ് വ്യക്തമാക്കി.
2020ൽ സി.പി.ഐ (എം-എൽ) 19 സീറ്റിലാണ് മത്സരിച്ചത്. ഇതിൽ 12 സീറ്റിലും വിജയിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണ 40 സീറ്റുകൾ വേണമെന്നാണ് സി.പി.ഐ (എം-എൽ)ന്റെ ആവശ്യം.സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് മത്സരിച്ചത്. ഇതേ സീറ്റുകൾ തന്നെയായിരിക്കും ഇത്തവണയും ലഭിക്കുക.
60 സീറ്റുകൾ ആവശ്യപ്പെട്ട മുകേഷ് സാഹ്നിയുടെ വി.ഐ.പിക്ക് പരമാവധി 12 സീറ്റുകൾ നൽകാനാണ് ധാരണയായത്. 2020ൽ എൻ.ഡി.എയുടെ ഭാഗമായി വി.ഐ.പി 11 സീറ്റുകളിൽ മത്സരിക്കുകയും നാല് സീറ്റുകൾ നേടുകയും ചെയ്തിരുന്നു. ആർ.ജെ.ഡി അധ്യക്ഷനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടാൻ ഇൻഡ്യ മുന്നണി നേരത്തെ ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.