ന്യൂഡൽഹി: കോവിഡ് മഹാമാരിക്ക് ശേഷമുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ റെയിൽവേ വരുമാനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരികയാണ്. 30089 കോടി രൂപയാണ് 2024-2025 വർഷത്തെ കണക്കു പ്രകാരം എ.സി. ടയർ 3 കോച്ചിൽ നിന്ന് മാത്രം റെയിൽവേക്ക് ലഭിച്ചത്. 727 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേക്കുള്ളത്. ഇതിൽ 26 കോടി പേർ മാത്രമാണ് എ.സി ടയർ 3 യിലെ യാത്രക്കാർ. അതായത് മൊത്തം യാത്രക്കാരുടെ 3.5 ശതമാനം മാത്രം. പക്ഷെ റെയിൽവേയുടെ മൊത്തം ടിക്കറ്റ് വരുമാനത്തിന്റെ മുപ്പത്തി എട്ടു ശതമാനം ലഭിക്കുന്നത് ഇവരിൽ നിന്നാണ്.
അഞ്ച് വർഷത്തിനിടയിലെ എ.സി ടയർ 3യുടെ വരുമാന വർധനവ് കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിക്കുന്നു എന്നതിൻറെ സൂചനയാണ് നൽകുന്നത്. 2019ൽ എ.സി ടയർ 3യിലെ യാത്രക്കാരുടെ എണ്ണം 11 കോടി ആയിരുന്നു. മൊത്തം ട്രെയിൻ യാത്രികരുടെ 1.4 ശതമാനം വരുമിത്. എന്നാൽ 2024-25 ൽ ഇത് 26 കോടി ആയാണ് വർധിച്ചിരിക്കുന്നത്. വരുമാനം 12370 കോടിയിൽ നിന്ന് 30089 കോടിയായി ഉയർന്നു.
കോവിഡിനു മുൻപുള്ള വർഷങ്ങളിൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളാണ് യാത്രികർ കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. മൊത്തം വരുമാനത്തിന്റെ 27 ശതമാനം വരുമാനം ആയിരുന്നു അവയിൽ നിന്ന് ലഭിച്ചിരുന്നത്. പക്ഷേ ആകെ യാത്രക്കാരുടെ 4.6 ശതമാനം ആളുകൾ മാത്രമെ ആ വർഷങ്ങളിൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്തിരുന്നുള്ളൂ. എന്നാൽ ഈ വർഷം (2024-2025) സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം മൊത്തം യാത്രക്കാരുടെ 5.25 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
2019-20ലെയും 2024-25ലെയും കണക്കുകൾ പരിശോധിച്ചാൽ എ.സി ടയർ 3യുടെ ടിക്കറ്റ് നിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വർധിച്ചിട്ടുണ്ടെങ്കിലും എ.സി ഫസ്റ്റ് ക്ലാസ്, എ.സി.ടയർ 2, എ.സി ചെയർ കാർ, സ്ലീപ്പർ ക്ലാസ് എന്നിവയെ അപേക്ഷിച്ച് ശരാശരി ശതമാന വർധനവ് കുറവാണ്.
എ.സി ടയർ 3യുടെ ടിക്കറ്റ് നിരക്കിൽ 2019-20 വർഷത്തിൽ നിന്ന് 7.4 ശതമാനം വർധനവാണ് 2024-25ൽ ഉണ്ടായിരിക്കുന്നത്. അതായത് 1090 രൂപയിൽ നിന്ന് 1171 ആയി റെയിൽവേ നിരക്ക് വർധിപ്പിച്ചു. എ.സി ഫസ്റ്റ് ക്ലാസിൻറെ നിരക്ക് 25.38 ശതമാനവും എ.സി ചെയർ കാറിന്റെ ടിക്കറ്റ് നിരക്ക് 23.24 ശതമാനവും എ.സി ടയർ 2 ന്റേത് 18.22 ശതമാനവും ആണ് കഴിഞ്ഞ 5 വർഷത്തിനിടെ വർധിച്ചത്.
എ.സി ടയർ 2ൻറെ നിരക്ക് 1267 ൽ നിന്ന് 1498 ആയാണ് വർധിച്ചത്.10.64 ശതമാനം വർധനയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ലീപ്പർ കോച്ച് ടിക്കറ്റ് നിരക്കിൽ ഉണ്ടായത്. ടിക്കറ്റ് നിരക്കിലെ വർധനവിനൊപ്പം യാത്രക്കാരുടെ തിരഞ്ഞെടുപ്പിലും വലിയ വ്യത്യാസം ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ൽ എ.സി കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം 18 കോടി ആയിരുന്നത് 2020-24 ആയപ്പോൾ 38 കോടിയിലധികമായി വർധിച്ചു. അതേ സമയം നോൺ എ.സി യാത്രക്കാരുടെ എണ്ണം 790 കോടിയിൽ നിന്ന് 688 കോടി ആയി ഇടിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.