യു.പിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്ത്
ലഖ്നോ: യു.പിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ബൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞത്. ഇതിന്‍റെ മുഴുവൻ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.പി.ഇ കിറ്റ് ധരിച്ചെത്തിയയാളാണ് മൃതദേഹം നദിയിലേക്ക് എറിയുന്നത്.
സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയിൽ രണ്ട് ആളുകൾ ചേർന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇതിലൊരാൾ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലൊഴുക്കിയതെന്നാണ് പൊലീസ് പറഞ്ഞു.
മേയ് 25നാണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇയാൾ മേയ് 28ന് മരിച്ചു. പ്രേംനാഥിന്‍റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാൻ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ, അവർ സംസ്കാരം നടത്താതെ മൃതദേഹം നദിയിൽ ഒഴുക്കുകയായിരുന്നുവെന്ന് ബൽറാംപൂർ മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.