ന്യൂഡൽഹി: സംസ്കരിച്ച് പാക്കറ്റുകളിലാക്കി വരുന്ന ഭക്ഷണപദാർഥങ്ങളിൽ (ജങ്ക് ഫുഡ്) ഹാനികരമെന്ന മുന്നറിയിപ്പ് നൽകണമെന്ന് വിദഗ്ധർ. ഭക്ഷ്യയോഗ്യതക്കനുസരിച്ച് ഒന്നു മുതൽ അഞ്ചുവരെ 'നക്ഷത്ര റേറ്റിങ്' ആണ് നിലവിൽ ജങ്ക് ഫുഡ് പാക്കറ്റുകളിൽ നൽകുന്നത്. ഇത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് തുല്യമാണ്. പൊണ്ണത്തടിയും പകർച്ചവ്യാധി ഇതര രോഗങ്ങൾക്കും കാരണമാകുന്ന ജങ്ക് ഭക്ഷണങ്ങളെ കൂടുതൽ മഹത്വവത്കരിക്കാനേ സ്റ്റാർ റേറ്റിങ്ങിലൂടെ സാധിക്കൂ. ജങ്ക് ഫുഡിന്റെ ദോഷഫലങ്ങൾ ലേബലുകളിലൂടെ മുന്നറിയിപ്പായി നൽകണമെന്നും വിദഗ്ധർ നിർദേശിച്ചു.
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സി.എസ്.ഇ) രാജസ്ഥാനിലെ നിംലിയിൽ സംഘടിപ്പിച്ച സുസ്ഥിര ഭക്ഷ്യ സംവിധാനങ്ങളെക്കുറിച്ചുള്ള ദേശീയ കോൺക്ലേവിൽ പങ്കെടുത്ത പൊതുജനാരോഗ്യ വിദഗ്ധരാണ് വിഷയത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ഭക്ഷ്യ വ്യവസായ ഭീമന്മാരാണ് സ്റ്റാർ റേറ്റിങ് രൂപപ്പെടുത്തിയത്.
സമ്മർദത്തിന്റെ ഭാഗമായാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഇതിന് അംഗീകാരം നൽകുന്നതെന്ന് സി.എസ്.ഇ ഡയറക്ടർ ജനറൽ സുനിത നരായൺ പറഞ്ഞു. 2013 ൽ രൂപവത്കരിച്ച എഫ്.എസ്.എസ്.എ.ഐയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പാക്ക് ചെയ്ത ഭക്ഷണങ്ങളിൽ ലേബൽ ശിപാർശ ചെയ്തത്.
സി.എസ്.ഇ ഈ കമ്മിറ്റിയുടെ ഭാഗമായിരുന്നു. ഇപ്പോഴും 'ആരോഗ്യ സ്റ്റാർ റേറ്റിങ്ങുമായി' മുന്നോട്ടു പോകാനാണ് എഫ്.എസ്.എസ്.എ.ഐ ശ്രമിക്കുന്നത്.സി.എസ്.ഇയിലെ പ്രോഗ്രാം ഡയറക്ടർ അമിത് ഖുറാന, രാജസ്ഥാൻ സി.യു.ടി.എസ് ഇന്റർനാഷനൽ ഡയറക്ടർ ജോർജ് ചെറിയാൻ, ഡൽഹി പബ്ലിക് ഹെൽത്ത് റിസോഴ്‌സ് നെറ്റ്‌വർക്ക് കമ്യൂണിറ്റി പീഡിയാട്രീഷ്യൻ ഡോ. വന്ദന പ്രസാദ്, ഇന്ത്യയിലെ ഗ്ലോബൽ ഹെൽത്ത് അഡ്വക്കസി ഇൻകുബേറ്ററിന്റെ ലീഡ് അഡ്വൈസർ സഞ്ജയ് പാണ്ഡെ ഉൾപ്പെടെ 50 ഓളം വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.