മോദി 2023ൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചത് 162 തവണ; പക്ഷേ ഒരിക്കൽ പോലും മണിപ്പൂരിൽ പോയില്ല

ന്യൂഡൽഹി: മണിപ്പൂരിലെ കലാപത്തിന് ഒരു വർഷം തികഞ്ഞു. ഇക്കാലയളവിനിടക്ക് ഒരിക്കൽ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിച്ചിട്ടില്ല. എന്നാൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്താൻ മോദിക്ക് സമയമുണ്ട്. 2023ൽ 162 തവണയാണ് അദ്ദേഹം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചത്.

മണിപ്പൂർ കത്തിക്കൊണ്ടിരിക്കുമ്പോൾ, പ്രധാനമന്ത്രി 12 തവണയാണ് വിദേശത്ത് പോയത്. മണിപ്പൂർ കലാപത്തിൽ 230 ആളുകളാണ് കൊല്ലപ്പെട്ടത്. 60,000 ആളുകൾ ഭവനരഹിതരായത്. മണിപ്പൂർ ഭരിക്കുന്നത് ബി.ജെ.പിയാണ്. മുഖ്യമന്ത്രിയായ ബിരേൻ സിങ് പദവിയിൽ തുടരുകയാണ്. കലാപമുണ്ടായി വർഷം പിന്നിട്ടിട്ടും മുഖ്യമന്ത്രിക്കും മറ്റൊരു മന്ത്രിക്കുമെതിരെയും ഒരു നടപടിയുമുണ്ടായില്ല.

മണിപ്പൂരിനെ കുറിച്ച് നിശ്ശബ്ദത പാലിച്ച മോദിയെ പലതവണ പ്രതിപക്ഷം ചോദ്യം ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം മണിപ്പൂർ സന്ദർശിച്ചു. ഇത്തവണ മണിപ്പൂരിൽ നിന്നാണ് അദ്ദേഹം ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

2023 മേയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി രാജസ്ഥാനിൽ 12 തവണ സന്ദർശനം നടത്തിയിട്ടുണ്ട്. വെറുതെ പറയുന്നതല്ല, പ്രധാനമന്ത്രിയുടെ ഓഫിസ് വെബ്സൈറ്റിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ബി.സിയാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്. 22തവണയാണ് അദ്ദേഹം മധ്യപ്രദേശ് സന്ദർശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞ നവംബറിലും രണ്ട് സംസ്ഥാനങ്ങൾ സന്ദർശിക്കുകയുണ്ടായി. ബി.ജെ.പിക്ക് വേണ്ട് ഇരുസംസ്ഥാനങ്ങളിലും മോദി ഗംഭീര പ്രചാരണമാണ് നടത്തിയത്.

മണിപ്പൂരിൽ കലാപം തുടങ്ങിയപ്പോൾ മോദി കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. ബി.ബി.സി റിപ്പോർട്ട് പ്രകാരം ഒരു വർഷത്തിനിടെ എട്ടുതവണയാണ് മോദി കർണാടക സന്ദർശിച്ചത്. സ്വന്തം സംസ്ഥാനമായ ഗുജറാത്ത് 10 തവണയും ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ അയക്കുന്ന ഉത്തർപ്രദേശ് 17 തവണയും അദ്ദേഹം സന്ദർശിച്ചു.

ഈ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവ സന്ദർശിച്ചെങ്കിലും മണിപ്പൂരിനെ തിരിഞ്ഞുനോക്കിയില്ല. അസമിൽ മൂന്ന് തവണയും ത്രിപുരയിലും അരുണാചൽ പ്രദേശിലും ഓരോ തവണ വീതവും അദ്ദേഹം സന്ദർശനം നടത്തി.

'വികസിത ഇന്ത്യ, വികസിത വടക്ക്-കിഴക്ക്' പരിപാടിക്കായി പ്രധാനമന്ത്രി മോദി മാർച്ച് ഒമ്പതിന് വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് സന്ദർശിച്ചതായി ഔദ്യോഗിക രേഖകളിലുണ്ട്. കഴിഞ്ഞ നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മറ്റെല്ലാ സംസ്ഥാനങ്ങളിലും പോയിരുന്നുവെങ്കിലും മണിപ്പൂരിലെ അക്രമത്തിൽ കുടിയിറക്കപ്പെട്ട കുക്കി സമുദായത്തിലെ ധാരാളം ആളുകൾ താമസിക്കുന്ന മണിപ്പൂരിനോട് ചേർന്നുള്ള മിസോറമിലേക്ക് പോയില്ല.

ആഭ്യന്തര സന്ദർശനങ്ങൾക്ക് പുറമെ, 2023 മെയ് മുതൽ 14 അന്താരാഷ്ട്ര യാത്രകളും പ്രധാനമന്ത്രി മോദി നടത്തിയിട്ടുണ്ട്. യു.എ.ഇയിലെ ഒരു ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള സന്ദർശനവും ഇതിൽ ഉൾപ്പെടുന്നു. 

Tags:    
News Summary - In past year Modi made 162 trips to Various States and Zero to Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.