പാക് പിന്തുണയുടെ പേരിൽ തുർക്കി സ്ഥാപനങ്ങളുമായുള്ള കരാർ നിർത്തിവെച്ച് ഐ.ഐ.ടി ബോംബെയും ജെ.എൻ.യുവും

മുംബൈ: ഇന്ത്യയുമായുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്താനെ പിന്തുണച്ചതിനെ തുടർന്ന് ഐ.ഐ.ടി ബോംബെ തുർക്കി സർവകലാശാലകളുമായുള്ള എല്ലാ കരാറുകളും താൽക്കാലികമായി നിർത്തിവെച്ചു. ‘തുർക്കി ഉൾപ്പെട്ട നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കാരണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുർക്കി സർവകലാശാലകളുമായുള്ള കരാറുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഐ.ഐ.ടി ബോംബെ ശ്രമിക്കുകയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലെ പോസ്റ്റിൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ചില തുർക്കി സ്ഥാപനങ്ങളുമായി ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം നടത്തുന്നുണ്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് തുർക്കി പാകിസ്താനെ പിന്തുണച്ചതിനെ തുടർന്നാണ് ഈ നീക്കം.

തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം ജെ.എൻ.യുവും താൽക്കാലികമായി നിർത്തിവെച്ചു. ‘ജെ.എൻ.യു രാജ്യത്തിനും സായുധ സേനക്കുമൊപ്പം നിലകൊള്ളുന്നതിനാൽ ദേശീയ സുരക്ഷാ പരിഗണനകൾ കാരണം ധാരണാപത്രം താൽക്കാലികമായി നിർത്തി​വെച്ചു’ വെന്ന് ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 3നാണ് ജെ.എൻ.യുവും ഇനോനു സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിൽ മൂന്ന് വർഷത്തേക്ക് ഒപ്പുവെച്ചത്. ഫാക്കൽറ്റി, വിദ്യാർത്ഥി കൈമാറ്റ പരിപാടികൾക്കുള്ള പദ്ധതികളും മറ്റ് അക്കാദമിക് സഹകരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ പ്രതികാര സൈനിക നടപടിയായ ഓപറേഷൻ സിന്ദൂരിനെ നേരിടാൻ തുർക്കി പാകിസ്താന് ഡ്രോണുകൾ നൽകിയതായും സൈനിക പ്രവർത്തകരെ വിന്യസിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്താൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതിന് ശേഷം തുർക്കി നിർമിത കാമികാസെ ഡ്രോണുകൾ ഇന്ത്യൻ മണ്ണിൽ നിന്ന് കണ്ടെടുത്തുവെന്ന റിപ്പോർട്ടും വന്നു. ഐക്യദാർഢ്യമറിയിച്ച് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് ഉർദുഗാൻ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

നേരത്തെ തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം ഐ.ഐ.ടി റൂർക്കി ഔദ്യോഗികമായി റദ്ദാക്കിയിരുന്നു. ‘അക്കാദമിക് മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നതും ദേശീയ താൽപര്യം ഉയർത്തിപ്പിടിക്കുന്നതുമായ ആഗോള സഹകരണങ്ങൾ വളർത്തിയെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണെ’ന്ന് ഐ.ഐ.ടി റൂർക്കി ‘എക്‌സി’ൽ പോസ്റ്റ് ചെയ്തിരുന്നു.

‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്താനെ പിന്തുണച്ചതിന്റെ പേരിൽ ചണ്ഡീഗഢ് സർവകലാശാല പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾ തുർക്കി, അസർബൈജാനി സർവകലാശാലകളുമായുള്ള അക്കാദമിക് സഹകരണം വിച്ഛേദിച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജാമിയ മില്ലിയ ഇസ്‍ലാമിയയും തുർക്കി സ്ഥാപനങ്ങളുമായുള്ള എല്ലാത്തരം സഹകരണവും നിർത്തിവെച്ചു. ഏതെങ്കിലും തുർക്കി വിദ്യാഭ്യാസ സ്ഥാപനവുമാമുള്ള സഹകരണം ജാമിയ മില്ലിയ ഇസ്‍ലാമിയ താൽക്കാലികമായി നിർത്തിവച്ചതായി അവർ പ്രഖ്യാപിച്ചു.

കാൺപൂർ സർവകലാശാല, നോയിഡയിലെ സ്വകാര്യ സർവകലാശാലയായ ശാരദ സർവകലാശാല തുടങ്ങിയ മറ്റ് സ്ഥാപനങ്ങളും തുർക്കി സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചവയിൽപെടും. ഇസ്താംബുൾ അയ്ഡിൻ സർവകലാശാലയുമായും ഹസൻ കല്യോങ്കു സർവകലാശാലയുമായും ഉള്ള ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ശാരദ സർവകലാശാല പ്രഖ്യാപിച്ചു. ഏതെങ്കിലും അക്കാദമിക് ബന്ധം തുടരുന്നത് ദേശീയ മുൻഗണനകൾക്ക് വിരുദ്ധമാകുമെന്ന് കാൺപൂർ സർവകലാശാല പറഞ്ഞു.

ഡൽഹി സർവകലാശാല നിലവിൽ അതിന്റെ അന്താരാഷ്ട്ര അക്കാദമിക് പങ്കാളിത്തങ്ങൾ പുനഃപരിശോധിച്ചുവരികയാണ്. ‘ഞങ്ങൾ എല്ലാ ധാരണാപത്രങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, സമഗ്രമായ അവലോകനത്തിന് ശേഷം തീരുമാനമെടുക്കും’ -ഒരു മുതിർന്ന  ഉദ്യോഗസ്ഥൻ പറഞ്ഞു.

ബഹിഷ്കരണം അക്കാദമിക് മേഖലക്ക് പുറത്തേക്കും വ്യാപിച്ചു. വ്യാപാരികൾ തുർക്കി സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ വിസമ്മതിക്കുകയും വ്യക്തികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ റദ്ദാക്കുകയും ചെയ്തു. ഈസ് മൈട്രിപ്പ്, ഇക്സിഗോ പോലുള്ള ഓൺലൈൻ യാത്രാ പ്ലാറ്റ്‌ഫോമുകളും തുർക്കിയിലും മറ്റ് സഖ്യരാജ്യങ്ങളിലും സന്ദർശനം നടത്തുന്നതിനെതിരെ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.

Tags:    
News Summary - IIT Bombay suspends agreements with Turkish institutes over support for Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.