'തമിഴിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ തമിഴിൽ ഒപ്പിടൂ'; ഡി.എം.കെയുടെ ഭാഷാനയത്തെ വിമർശിച്ച് മോദി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും മറ്റു നേതാക്കളുടെയും ഭാഷ നയത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട് നേതാക്കളിൽ നിന്ന് പതിവായി കത്തുകൾ ലഭിക്കുന്നുണ്ടെങ്കിലും അവയിലൊന്നിലും ഒരു നേതാക്കളും തമിഴിൽ ഒപ്പിടാറില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തമിഴിൽ ഒപ്പിടുകയെങ്കിലും ചെയ്ത് തമിഴിന് വേണ്ടി വാദിക്കൂവെന്ന് മോദി പറഞ്ഞു.

'തമിഴ്‌നാട്ടിലെ നേതാക്കളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്, അവരിൽ ആരും തമിഴ് ഭാഷയിൽ ഒപ്പിടാറില്ല. തമിഴിൽ അഭിമാനമുണ്ടെങ്കിൽ, എല്ലാവരും കുറഞ്ഞത് തമിഴിൽ ഒപ്പിടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു' -മോദി പറഞ്ഞു. തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുവെന്നും മോദി പറഞ്ഞു.

ത്രിഭാഷ നയത്തിൽ തമിഴ്നാടും കേന്ദ്രവും ഏറ്റുമുട്ടൽ തുടരവേയാണ് സ്റ്റാലിനെയും തമിഴ് നേതാക്കളെയും ലക്ഷ്യമിട്ടുള്ള മോദിയുടെ പ്രസംഗം. കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തോടും മണ്ഡല പുനർനിർണയ നിലപാടിലും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെക്കും ശക്തമായ എതിർപ്പാണുള്ളത്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾക്കിടയിൽ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സ്റ്റാലിൻ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.എം.കെ ആരോപിക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലെ (എൻ.ഇ.പി) ത്രിഭാഷാ ഫോർമുല ഇതിന്‍റെ ഭാഗമാണ്. ഈ നടപടി തമിഴ് ഭാഷയെയും സംസ്കാരത്തെയും വെല്ലുവിളിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു.

Tags:    
News Summary - if you’re proud of Tamil, sign in Tamil PM Modi takes a swipe at CM Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.