ജംഇയ്യതുൽഉലമായേ ഹിന്ദ് 34ാം വാർഷിക സമ്മേളന സമാപനത്തിൽ അധ്യക്ഷൻ

മൗലാന മഹ്മൂദ് മദനി സംസാരിക്കുന്നു

കോടതികൾ സ്വതന്ത്രമല്ലെങ്കിൽ രാജ്യം സ്വതന്ത്രമല്ല -ജംഇയ്യത്

ന്യൂഡൽഹി: ജനസാഗരത്തെ ഉൾക്കൊള്ളാനാകാതെ വീർപ്പുമുട്ടിയ ന്യൂഡൽഹി രാംലീല മൈതാനിയെ സാക്ഷിയാക്കി ‘മതവിദ്വേഷവും വിഭാഗീയതയുമാണ് രാജ്യത്തിന്റെ അഖണ്ഡതക്ക് ഏറ്റവും വലിയ ഭീഷണി’ എന്ന് ഓർമിപ്പിച്ച് ജംഇയ്യതുൽ ഉലമായേ ഹിന്ദ് 34ാം വാർഷിക സമ്മേളനം സമാപിച്ചു.ജംഇയ്യതിന്റെ ശക്തി വിളിച്ചോതിയ സമാപന സമ്മേളനത്തിനെത്തിയ പകുതിയിലേറെ പേരെയും രാംലീല മൈതാനിക്ക് ഉൾക്കൊള്ളാൻ കഴിയാതെ വന്നതോടെ ചുറ്റിലുമുള്ള റോഡുകളും ജനസാഗരമായി. വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യം തകർക്കാൻ ശ്രമിക്കുന്നത് ദേശീയ കുറ്റകൃത്യമായി കണക്കാക്കണമെന്ന് ജംഇയ്യത് ആവശ്യപ്പെട്ടു.

കോടതികൾ സ്വതന്ത്രമല്ലെങ്കിൽ പിന്നെ രാജ്യം സ്വതന്ത്രമല്ലെന്നും രാജ്യത്തെ കോടതികൾ ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് പൊതുവായ തോന്നലുണ്ടെന്നും ഇത്തരമൊരു സാഹചര്യം ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണെന്നും ജംഇയ്യത് അധ്യക്ഷൻ മൗലാന മഹ്മൂദ് മദനി അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയും മറ്റു കോടതികളും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ കരുത്തും സംരക്ഷണവുമാകേണ്ടതാണ്. ഏതൊരു സംസ്കാരമുള്ള സമൂഹത്തിന്റെയും ഏറ്റവും വലിയ മാനദണ്ഡം നീതിയാണ്. നീതി ലഭ്യമാക്കേണ്ടത് ഭരണാധികാരിയുടെ കൂടി ബാധ്യതയാണെന്നും മദനി വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കൾ മുസ്‍ലിംകളെ ലക്ഷ്യം വെക്കുന്നുണ്ടെന്നും മാനസികമായി അസ്വസ്ഥരാക്കാനും പ്രകോപിപ്പിക്കാനും തെറ്റായ വഴിയിലേക്ക് നയിക്കാനും പല തന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും മദനി ഓർമിപ്പിച്ചു. അതിന് മുന്നിൽ ക്ഷമ കൈവിടുകയോ നിരാശരാകുകയോ ചെയ്യരുത്. ജിഹാദിന്റെ പേരിൽ തീവ്രവാദ, അക്രമ പ്രവണതകൾ പ്രചരിപ്പിക്കുന്നവർക്ക് പിന്തുണയോ സഹകരണമോ വേണ്ട.

കഴിഞ്ഞ 1400 വർഷമായി തോളോടുതോൾ ചേർന്ന് ഹിന്ദുക്കളും മുസ്‍ലിംകളും ജീവിക്കുന്ന രാജ്യമാണിതെന്ന് മുതിർന്ന ജംഇയ്യത് നേതാവ് മൗലാന അർശദ് മദനി പറഞ്ഞു. വിവിധ മതനേതാക്കളായ ഗോസ്വാമി സുശീല മഹാരാജ്, ഡൽഹി ആർച്ച് ബിഷപ് അനിൽ തോമസ് കുട്ടോ, അകാൽ തക്ത് ജതേദാർ ഹർദീപ് പുരി, ചിദാനന്ദ് സരസ്വതി മഹാരാജ്, ജൈന സന്യാസി ആചാര്യ ലോകേഷ് മുനി, സർദാർ പരംജിത് ചണ്ഡുക്, മുഫ്തി അബ്ദുൽ ഖാസിം നുഅ്മാനി, ജംഇയ്യതുൽ ഉലമായേ ഹിന്ദ് കേരള പ്രസിഡന്റ് മൗലാന മുഹമ്മദ് ഇബ്രാഹീം എന്നിവരും പങ്കെടുത്തു.

Tags:    
News Summary - If the courts are not free, the country is not free -Jamiyath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.