അരവിന്ദ് കെജ്രിവാൾ

‘ബി.ജെ.പി നേതാക്കൾക്ക് ശ്രീരാമൻ ദൈവമല്ല, അങ്ങനെയായിരുന്നുവെങ്കിൽ അവർ കൊള്ള നടത്തില്ലായിരുന്നു’ -അരവിന്ദ് ​കെജ്രിവാൾ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അന്വേഷണം അട്ടിമറിച്ച് യഥാർഥ പ്രതികളെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇത് തട്ടിക്കൂട്ടിയ പ്രത്യേക അന്വേഷണ സംഘവും വ്യാജ പ്രഥമ വിവര റിപ്പോർട്ടുമാണ് (എഫ്.ഐ.ആർ). കേസിൽ യഥാർഥ കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്. എന്തിനാണ് അവർക്ക് ഈ സംരക്ഷണം നൽകുന്നത്?’ - കെജ്രിവാൾ വാർത്തസമ്മേളനത്തിൽ ചോദിച്ചു.

ബി.ജെ.പി നേതാക്കൾക്ക് ശ്രീരാമൻ ദൈവമാണെന്ന് തോന്നുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ അവർ രാമക്ഷേത്ര ഫണ്ട് മോഷ്ടിക്കില്ലായിരുന്നു. തട്ടിപ്പ് നടത്തിയവർക്ക് ശിക്ഷ ലഭിക്കണമെങ്കിൽ കേന്ദ്രത്തിലും ഉത്തർപ്രദേശിലുമുള്ള നിലവിലെ സർക്കാറുകളെ മാറ്റി പുതിയ ഭരണം കൊണ്ടുവരണം.

തങ്ങളുടെ പ്രസംഗങ്ങളിലും മറ്റും ഭഗവാൻ രാമനെക്കുറിച്ചും രാമക്ഷേത്രത്തെക്കുറിച്ചും വാചാലരാകുന്ന ബി.ജെ.പി നേതാക്കൾ കാപട്യത്തിന്റെ വക്താക്കളാണെന്നും കെജ്രിവാൾ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം കഴിഞ്ഞ 891 ദിവസമായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുതവണ പോലും അവിടെ സന്ദർശിക്കുകയോ ശ്രീരാമന്റെ പാദങ്ങളിൽ വണങ്ങുകയോ ചെയ്തിട്ടില്ല.

അതിനിടെ, രാമക്ഷേത്ര കൊള്ളയിൽ പ്രത്യേക അന്വേഷണം കൂടുതൽ പേരെ ചോദ്യം ചെയ്തു വരുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ. കേസിൽ പ്രതിയായ 22 കാരൻ അനുകൽപ് മിശ്രയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അയോധ്യയിലെ വീട്, ഫാം ഹൗസ് ഉൾപ്പെടെയാണ് അനധികൃതമായി സമ്പാദിച്ചത്. അടുത്തിടെ വാഹനങ്ങൾ വാങ്ങിയതും മറ്റു സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കേസിലെ മറ്റു പ്രതികളുടെ സ്വത്തുക്കളും വരുംദിവസങ്ങളിൽ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കും.

അതേസമയം, രാമക്ഷേത്ര കൊള്ള വിവാദം രാഷ്ട്രീയമായി കത്തുമ്പോഴും ക്ഷേത്രത്തിലേക്കുള്ള സംഭാവനകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെ ജീവനക്കാരും നൽകുന്ന വിവരങ്ങൾ പ്രകാരം, പ്രതിദിന നിക്ഷേപം ഇരട്ടിയായി വർധിച്ച് 20 മുതൽ 24 ലക്ഷം രൂപ വരെയായി ഉയർന്നു. കടുത്ത ആരോപണങ്ങൾ ഉയരുമ്പോഴും ഭക്തരുടെ വിശ്വാസത്തിനും സംഭാവനകൾക്കും യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Tags:    
News Summary - Kejriwal: BJP Shielding 'Real Culprits'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.