‘സൽവാ ജുദൂമി’നെ നിർത്തലാക്കിയ വിധിയിൽ അമിത് ഷായുടെ ‘നക്സലിസം’ ആരോപണത്തിന് മറുപടിയുമായി ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: 2011ലെ ‘സൽവ ജുദൂം’ പ്രസ്ഥാനത്തെ റദ്ദാക്കിയ വിധിയിലൂടെ താൻ ‘നക്സലിസത്തെ പിന്തുണച്ചു’ എന്ന അമിത് ഷായുടെ ആരോപണത്തെ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥിയും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ബി. സുദർശൻ റെഡ്ഢി തള്ളി.

‘പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ ഓരോ പൗരന്റെയും ജീവൻ, സ്വാതന്ത്ര്യം, സ്വത്ത് എന്നിവ സംരക്ഷിക്കുക എന്ന ഭരണഘടനാപരമായ കടമയും ബാധ്യതയുമുള്ള ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുമായി നേരിട്ട് ഒരു പ്രശ്നത്തിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നും റെഡ്ഢി പ്രസ്താവനയിൽ പറഞ്ഞു. 

‘രണ്ടാമതായി, ആ വിധി എന്റേതല്ല. അത് സുപ്രീംകോടതിയുടേതാണ്. ഞാനത് എഴുതിയെന്നു മാത്രം. അതിനായി മറ്റൊരു ജഡ്ജിയും എന്നോടൊപ്പം ഇരുനിട്ടുണ്ട്. അത് റദ്ദാക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നു. പക്ഷേ അത് നടന്നില്ല… ആഭ്യന്തര മന്ത്രിക്ക് മുഴുവൻ വിധിയും വായിക്കാനാവുമായിരുന്നു എന്ന് ഞാൻ കരുതുന്നു. അദ്ദേഹം വിധി വായിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആ അഭിപ്രായം പറയുമായിരുന്നില്ല - റെഡ്ഢി കൂട്ടിച്ചേർത്തു.

‘മലയാള മനോരമ ഗ്രൂപ്പ്’ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കവെ, ആ വിധി പാസായില്ലായിരുന്നെങ്കിൽ 2020 ഓടെ നക്സലിസം തുടച്ചുനീക്കപ്പെടുമായിരുന്നു എന്ന് അമിത് ഷാ പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് റെഡ്ഢിയുടെ പരാമർശം.

കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം റെഡ്ഢിയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിനെ ലക്ഷ്യം വെച്ചുകൊണ്ട് കോൺക്ലേവിൽ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അമിത് ഷാ. ‘നക്സലിസത്തെ സഹായിച്ച വ്യക്തിയാണ് സുദർശൻ റെഡ്ഢി. അദ്ദേഹം സൽവ ജുദൂം വിധി പുറപ്പെടുവിച്ചു. ആ വിധി പാസായില്ലായിരുന്നെങ്കിൽ 2020ഓടെ നക്സൽ ഭീകരത അവസാനിക്കുമായിരുന്നു’ എന്നായിരുന്നു ഷായുടെ പരാമർശം.

‘നക്സലിസത്തെ പിന്തുണക്കുകയും സുപ്രീംകോടതി പോലുള്ള ഒരു വേദി അതിനായി ഉപയോഗിക്കുകയും ചെയ്ത’ ഒരു സ്ഥാനാർഥിയെ നിർത്തി ഇടതുപക്ഷ പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് പ്രവർത്തിച്ചുവെന്നും ഷാ ആരോപിച്ചു.

എന്നാൽ, സുപ്രീംകോടതിയിലെ തന്റെ അഞ്ച് വർഷത്തെ ഭരണകാലത്ത് നിരവധി ഭരണഘടനാ കേസുകൾ കേട്ടിട്ടുള്ള വ്യക്തിത്വമാണ് ജസ്റ്റിസ് റെഡ്ഢി. 2011 ജൂലൈയിൽ, നന്ദിനി സുന്ദർ vs. സ്റ്റേറ്റ് ഓഫ് ഛത്തീസ്ഗഢ് കേസിൽ റെഡ്ഢിയും ജസ്റ്റിസ് എസ്.എസ്. നിജ്ജാറും അടങ്ങുന്ന ബെഞ്ച് മാവോയിസ്റ്റുകളെ നേരിടാൻ ഓണറേറിയം നൽകി ആദിവാസി യുവാക്കളെ സ്പെഷൽ പൊലീസ് ഓഫിസർമാരായി നിയമിക്കുന്ന ‘സൽവാ ജുദൂം’ സമ്പ്രദായം റദ്ദാക്കി. ഈ നയം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിധിച്ചു.

വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമായും റെഡ്ഢി കാണുന്നു. ‘ഇത് ഞാനും രാധാകൃഷ്ണൻ ജിയും തമ്മിലുള്ള മത്സരം മാത്രമല്ല. ഇത് രണ്ട് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരമാണ്. മറുവശത്ത് അവതരിപ്പിക്കുന്നത് ഒരു കടുത്ത ആർ‌.എസ്‌.എസുകാരനെയാണ്. ഞാൻ ആ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ല’ എന്നും  അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുമായി വ്യക്തിപരമായി തർക്കത്തിനില്ലെന്നും എന്നാൽ  2011ലെ സുപ്രീംകോടതി വിധിയിൽ ഉറച്ചുനിൽക്കുന്നുവെന്നും  റെഡ്ഢി വ്യക്തമാക്കി. 


Tags:    
News Summary - ‘If only he had read the whole judgment’: Reddy fires back after Amit Shah’s Naxalism charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.