യു.എ.ഇയിലെ പാസ്‌പോർട്ട് വിതരണം: അൽഹിന്ദിന്റെ കരാർ റദ്ദാക്കി; ബി.എൽ.എസിന് താൽകാലികമായി തുടരാം

ന്യൂഡൽഹി: യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ പാസ്‌പോർട്ട്, വിസ തുടങ്ങിയ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനായി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി’ ന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി.

എന്നാൽ, പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലെ സേവനദാതാക്കളായ ‘ബി.എൽ.എസ് ഇന്റർനാഷണലി’ന് താൽക്കാലികമായി സേവനം തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് താൽക്കാലിക ആശ്വാസമാകും.

യു.എ.ഇയിലെ ഇന്ത്യൻ മിഷന് പുറമെ കുവൈത്ത്, സിംഗപ്പൂർ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ കോൺസുലർ സേവനങ്ങൾക്കായുള്ള ടെൻഡറാണ് കോടതി റദ്ദാക്കിയത്. ഈ നാല് രാജ്യങ്ങളിലെയും സേവനങ്ങൾക്കായി ഒരു മാസത്തിനകം പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.

ടെൻഡർ നടപടികളുടെ സാങ്കേതിക മൂല്യനിർണയ ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ട രണ്ട് ബിഡ്ഡർമാർ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. ടെൻഡർ പങ്കാളിത്തത്തിൽ കമ്പനികൾക്ക് മാർക്ക് നൽകിയതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ വെളിപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി.

സുതാര്യത ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ചാണ് അൽഹിന്ദിന് നൽകിയ കരാർ കോടതി റദ്ദാക്കിയത്.ഒരു മാസത്തിനകം പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ച് പുതിയ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതി ഇപ്പോൾ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ കരാറുകാരെ നിശ്ചയിക്കുന്നത് വരെയുള്ള താൽക്കാലിക ചുമതല ബി.എൽ.എസിന് തന്നെയായിരിക്കും.

Tags:    
News Summary - UAE Passport Services: Delhi HC Cancels Al Hind Contract, BLS To Continue Temporarily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.