അശോക് ഖേംക ഐ.എ.എസ്

34 വർഷത്തിനിടെ 57 സ്ഥലംമാറ്റങ്ങൾ ഏറ്റുവാങ്ങിയ ഐ.എ.എസ് ഓഫിസർ അശോക് ഖേംക ഇന്ന് വിരമിക്കും

34 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ 57 സ്ഥലംമാറ്റങ്ങൾ ഏറ്റുവാങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് ​ഖേംക ബുധനാഴ്ച സർവീസിൽ നിന്ന് വിരമിക്കും. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ഥലംമാറ്റത്തിന് വിധേയനായ ഉദ്യോഗസ്ഥനും ഇദ്ദേഹമായിരിക്കും. ഗതാഗത വകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി പദവിയിൽ നിന്നാണ് വിരമിക്കുന്നത്.

1991ലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2024 ഡിസംബറിലാണ് ഏറ്റവും ഒടുവിൽ സ്ഥലംമാറ്റം ലഭിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തെ ഇപ്പോഴത്തെ തസ്തികയിലേക്ക് മാറ്റി നിയമിച്ചതും. ട്രാൻസ്​പോർട്ട് കമീഷണറായി ചുമതലയേറ്റ് നാലുമാസത്തിനുള്ളിലാണ് അശോകിന് സ്ഥലംമാറ്റം ലഭിച്ചത്. ഓരോ തവണയും ശരാശരി ആറുമാസത്തിനുള്ളിൽ അദ്ദേഹത്തെ സ്ഥലംമാറ്റിയതായി കാണാം. 

കഴിഞ്ഞ 12 വർഷത്തിലേറെയായി പ്രാധാന്യം കുറഞ്ഞതെന്ന് കരുതുന്ന വകുപ്പുകളിലാണ് അശോകിനെ നിയമിച്ചത്. നാല് തവണയാണ് ആർകൈവ്സ് വകുപ്പിൽ ജോലി ചെയ്തത്. അതിൽ മൂന്നും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്തായിരുന്നു. ആർക്കൈവ്സ് വകുപ്പിന്റെ ഡയറക്ടർ ജനറലായും പിന്നീട് പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്‍ടിച്ചു. കോൺഗ്രസ് ഭരണത്തിലിരിക്കെ 2013 അശോകിനെ ഈ വകുപ്പിലേക്ക് മാറ്റിയത്.

2012ൽ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുമായി ബന്ധപ്പെട്ട ഗുരുഗ്രാമിലെ ഭൂമിയിടപാടിന്റെ പോക്കുവരവ് റദ്ദാക്കിയതോടെയാണ് ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചത്.

1965 ഏപ്രില്‍ 30ന് കൊല്‍ക്കത്തയില്‍ ജനിച്ച അശോക് 1988ല്‍ ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എൻജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (ടി.ഐ.എഫ്.ആര്‍) നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിയും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ഫിനാന്‍സിലും എം.ബി.എയും കരസ്ഥമാക്കി. സര്‍വീസിലിരിക്കെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എൽ.എൽ.ബിയും പൂര്‍ത്തിയാക്കി. 2023ൽ മനാഹർ ലാൽ ഖട്ടറിന് കത്തെഴുതിയ അശോക് വിജിലൻസ് വകുപ്പിൽ പ്രവർത്തിച്ച് അഴിമതി വേരോടെ പിഴുതെറിയാൻ അവസരം നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

Tags:    
News Summary - IAS officer Ashok Khemka, transferred 57 times in his career, retires roday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.