ദേശീയ പൗരത്വ രജിസ്റ്ററിന് അപേക്ഷിച്ചിട്ടില്ലാത്ത ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചാൽ രാജിവെക്കും - അസം മുഖ്യമന്ത്രി

ദിസ്പൂർ: ദേശീയ പൗരത്വ രജിസ്റ്ററിന് (എൻ.ആർ.സി) അപേക്ഷിച്ചിട്ടില്ലാത്ത ഒരാൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചാൽ താൻ രാജിവെക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സി.എ.എ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിനു പിന്നാലെയാണ് ശർമയുടെ പരാമർശം.

ഞാൻ അസമിന്റെ മകനാണ്. എൻ.ആർ.സിക്ക് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ഒരാൾക്ക്പൗരത്വം ലഭിച്ചാൽ ആദ്യം രാജിവെക്കുന്നത് ഞാനായിരിക്കും, ശർമ പറഞ്ഞു.

ശിവാസാ​ഗറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ അസമിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്തെ 16 പാർട്ടികൾ ചേർന്നുള്ള അസ്സം യുനൈറ്റഡ് പ്രതിപക്ഷ സഖ്യമാണ് ഹർത്താൽ നടത്തുന്നത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ സി.എ.എയുടെ പകർപ്പുകൾ കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് തിങ്കളാഴ്ച വൈകീട്ട് കേന്ദ്ര സർക്കാർ സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. കേന്ദ്ര വിജ്ഞാപനം വന്നതിനു പിന്നാലെ തന്നെ അസ്സമിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. 2019ൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരങ്ങൾ അരങ്ങേറിയ സംസ്ഥാനങ്ങളിലൊന്നാണ് അസ്സം. അന്ന് പൊലീസ് നടപടിയിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഞങ്ങൾ ഒരു തരത്തിലും സി.എ.എ അംഗീകരിക്കില്ലെന്നും അസ്സമിലെ ജനങ്ങൾക്ക് ഹാനികരമായ ഈ നിയമത്തിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ മാർഗത്തിലുള്ള പ്രതിഷേധ സമരങ്ങൾ വരുംദിവസങ്ങളിൽ ശക്തമാക്കുമെന്നും ആൾ അസ്സം സ്റ്റുഡൻറ്സ് യൂനിയൻ (എ.എ.എസ്.യു) മുഖ്യ ഉപദേശകൻ സമുജ്ജാൽ ഭട്ടാചാര്യ പറഞ്ഞു.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തിൽ പൗരത്വം നൽകുന്നതിൻറെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.

Tags:    
News Summary - ‘I will resign if...’: Himanta Sarma’s big statement amid anti-CAA protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.