‘പോയി ദൈവത്തോട് പറയൂ...’ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്; ‘എല്ലാം മതങ്ങളെയും ബഹുമാനിക്കുന്നു...’

ന്യൂഡൽഹി: ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ തന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ തെറ്റായി ചിത്രീകരിക്കപ്പെടുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ‘ഞാൻ നടത്തിയ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോ എന്നോട് പറഞ്ഞു... ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ -ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമർശം വന്നത്. മധ്യപ്രദേശിലെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവാരി ക്ഷേത്രത്തിലെ ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമ്മിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയായിരുന്നു പരാമർശം.

ഛത്തർപൂർ ജില്ലയിലെ ജവാരി ക്ഷേത്രത്തിൽ കേടുപാടുകൾ സംഭവിച്ച വിഗ്രഹം മാറ്റി സ്ഥാപിക്കാനും പ്രതിഷ്ഠ നടത്താനും ആവശ്യപ്പെട്ട് രാകേഷ് ദലാൽ എന്ന വ്യക്തി സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ‘ഇത് പബ്ലിസിറ്റിക്കുവേണ്ടിയുള്ള കേസ് മാത്രമാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. ഭഗവാൻ വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കിൽ നിങ്ങൾ പ്രാർത്ഥിക്കൂ’ -എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.

പോയി നിങ്ങളുടെ ദൈവത്തോട് പറഞ്ഞ് എന്തെങ്കിലും ചെയ്യാൻ പറയുവെന്നായിരുന്നു ഹരജിക്കാരനോടുള്ള സുപ്രീംകോടതി മറുപടി. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. വിഷ്ണുവിന്റെ ഉറച്ച ഭക്തനാ​ണ് നിങ്ങളെങ്കിൽ പ്രാർഥിച്ച് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. ഛാത്ത്പൂർ ജില്ലയിലെ ജാവരി ക്ഷേത്രത്തിലെ വിഗ്രഹം പുനസ്ഥാപിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ​മുഗൾ രാജാക്കാൻമാരുടെ കാലഘട്ടത്തിലാണ് വിഗ്രഹം തകർത്തതെന്നും ഇത് പഴയത് പോലെ ആക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ചന്ദർവൻശി രാജാക്കൻമാരാണ് ഖജുരാഹോയിലെ ക്ഷേത്ര കോംപ്ലക്സ് നിർമിച്ചതെന്നാണ് ചരിത്രം.

ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു. പരാമർശം ചീഫ് ജസ്റ്റിസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കത്തുനൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - I Respect All Religions says Chief Justice BR Gavai After Deity Remark Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.