ഗുവാഹതി: അസം സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ടുതവണ തുടർച്ചയായി അധികാരത്തിന് പുറത്തുനിർത്തപ്പെട്ട കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാൻ തീവ്രശ്രമത്തിൽ. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ പോരിനിറങ്ങുന്ന കോൺഗ്രസ് 65 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
15 സീറ്റ് സഖ്യകക്ഷികൾക്കായി നീക്കിവെച്ചിരിക്കുന്നു. ബാക്കി സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. ലോക്സഭയിലെ ഉപനേതാവായ ഗൗരവ് രാഹുൽ ഗാന്ധിയുടെ ആശീർവാദത്തോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പയറ്റാനൊരുങ്ങുന്നത്. കേരളത്തിൽ എം.പിമാരെ മത്സരിപ്പിക്കണോയെന്ന ചർച്ച തുടരുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനെ കോൺഗ്രസ് സംസ്ഥാനണ ഭരണം തിരിച്ചുപിടിക്കാൻ പറഞ്ഞയച്ചത്.
ഭരണവിരുദ്ധ വികാരത്തിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വികസനവും ഭരണനൈപുണ്യവും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ക്ഷേമ പ്രവർത്തനങ്ങളും കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. എസ്.ഐ.ആറിനും 2023ലെ മണ്ഡല പുനർനിർണയത്തിനും ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. മണ്ഡല പുനർനിർണയത്തിന് ശേഷവും ആകെ സീറ്റുകൾ 126 തന്നെയാണ്.
മുൻ കോൺഗ്രസ് നേതാവായ ഹിമന്ത ബിശ്വ ശർമയാണ് 2016 മുതൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി. ഹിന്ദു വോട്ട് ഏകീകരണത്തിലൂടെ അധികാരമുറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹിമന്ത ബിശ്വ ശർമ നയിക്കുന്ന ജന ആശീർവാദ് യാത്രയിൽ വികസന നേട്ടം പ്രചരിപ്പിക്കുന്നതിനൊപ്പം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുമാണ് പ്രസംഗങ്ങൾ. ശനിയാഴ്ച ഗുപ്തേശ്വർ ക്ഷേത്രത്തിൽനിന്നാണ് യാത്ര ആരംഭിച്ചത്.
നിലവിൽ എൻ.ഡി.എക്ക് 83 സീറ്റുണ്ട്. ബി.ജെ.പി (64), അസം ഗണ പരിഷത് (ഒമ്പത്), യു.പി.പി.എൽ (ഏഴ്), ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ട് (മൂന്ന്) എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്തിന് ലഭിച്ച 42 സീറ്റ് കോൺഗ്രസ് (26), എ.ഐ.യു.ഡി.എഫ് (15), സി.പി.എം (ഒന്ന്) എന്നിങ്ങനെയാണ്. അസം ജാതീയ പരിഷത്തും കോൺഗ്രസ് സഖ്യത്തിൽ ചേർന്നിട്ടുണ്ട്. ഒരു സ്വതന്ത്രനും ജയിച്ചിട്ടുണ്ട്. കേരളത്തെ പോലെ ഒറ്റ ഘട്ടമായി ഏപ്രിൽ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. മേയ് നാലിന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.