ഡെറാഡൂണിൽ മുസലിംകൾക്കെതി​രെ പ്രതിഷേധിക്കുന്ന ഭൈരവ സേന അംഗങ്ങൾ 

അത് ലവ് ജിഹാദല്ല, ഉത്തരകാശിയിലെ മുസ്‍ലിംകൾ തിരിച്ചുവരണം -പരാതിക്കാരിയുടെ കുടുംബം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ പുരോലയിൽ മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കിയ ‘ലവ് ജിഹാദ്’ ആരോപണം നിഷേധിച്ച് പെൺകുട്ടിയുടെ കുടുംബം. ഈ കേസിന്റെ പേരിലാണ് മുസ്‍ലിംകൾ കുടിയൊഴിഞ്ഞുപോകണമെന്ന് തീവ്രഹിന്ദുത്വ സംഘടനകൾ അന്ത്യശാസനം നൽകിയത്.

എന്നാൽ, തങ്ങൾ ലവ് ജിഹാദ് എന്ന തരത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നും കുട്ടിക്ക് നേരെ നടന്നത് തട്ടിക്കൊണ്ടുപോകൽ ശ്രമം മാത്രമാണെന്നും പെൺകുട്ടിയുടെ അമ്മാവൻ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ജയിലിലാണ്. അവർക്കെതിരെ നിയമ നടപടികൾ തുടരുന്നുണ്ട്. ഇനി ജുഡീഷ്യറിയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്’ -പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പേരിൽ നിരവധി കുടുംബങ്ങൾ കുടി​യൊഴിഞ്ഞുപോകേണ്ടി വന്നതിൽ വേദനയുണ്ടെന്നും പോയവർ മടങ്ങിവരണമെന്നും സ്കൂൾ അധ്യാപകൻ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മേയ്​ 26ന്​ പുരോലയിൽ​ 14 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയാണ് ലവ് ജിഹാദായി ഊതിവീർപ്പിച്ചത്. കേസിൽ ഉബൈദ്​ ഖാൻ, ജിതേന്ദർ സൈനി എന്നീ ചെറുപ്പക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. പ്രതികളിൽ ഒരാൾ ഹിന്ദു യുവാവായിട്ടുകൂടി ഹിന്ദുത്വ സംഘടനകൾ ഇതൊരു ലവ്ജിഹാദ് സംഭവമാണെന്നു​ വരുത്തിത്തീർത്താണ് വർഗീയ മുതലെടുപ്പ് നടത്തിയത്.

മുസ്​ലിം കച്ചവടക്കാർ പട്ടണം വിടണമെന്നാവശ്യപ്പെട്ട്​ ബജ്രംഗ്ദൾ അടക്കമുള്ള സംഘടനകൾ മുസ്​ലിം വിരുദ്ധ പ്രകടനങ്ങൾ നടത്തിയിരുന്നു. ലവ് ജിഹാദികൾ പട്ടണം വിട്ടുപോകൂ, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടൂ എന്ന മുന്നറിയിപ്പ് നോട്ടീസ്​​​ ദേവഭൂമി രക്ഷാ അഭിയാൻ എന്ന സംഘടനയുടെ പേരിൽ കടകൾക്ക്​ മുന്നിൽ പതിച്ചു.

എന്നാൽ, തുടക്കം മുതലേ ഇതിനെ വർഗീയ വിഷയമാക്കി മാറ്റാൻ ശ്രമം നടന്നതായി പെൺകുട്ടിയുടെ അമ്മാവൻ വ്യക്​തമാക്കുന്നു. ‘ഇതൊരു ലവ്ജിഹാദ്​ സംഭവമേയല്ല, പതിവ്​ കുറ്റകൃത്യമാണ്​. അതിലുൾപ്പെട്ടവർ ഇപ്പോൾ ജയിലിലുമായി. ഇനി നീതിപീഠമാണ്​ കാര്യങ്ങൾ തീരുമാനിക്കേണ്ടത്​. ഇതൊരു വർഗീയ പ്രശ്നമാക്കാൻ വലതുപക്ഷ സംഘടനകൾ പരമാവധി ശ്രമിച്ചിരുന്നു. അവർ അത്തരത്തിൽ ഞങ്ങൾക്ക് വേണ്ടി സ്വന്തമായി പരാതി പോലും തയ്യാറാക്കി കൊണ്ടുവന്നിരുന്നു. പക്ഷേ, പൊലീസോ എന്റെ കുടുംബമോ അവരുടെ വാദം അംഗീകരിച്ചില്ല” -അദ്ദേഹം പറയുന്നു.

തന്റെ നിലപാട് മാറ്റാൻ ഹിന്ദുത്വ സംഘടനകൾ നിരന്തരം ഫോൺവഴി സമ്മർദം ചെലുത്തുന്നതിൽ സഹികെട്ട് തന്റെ മൊബൈൽ നമ്പർ വരെ മാറ്റാൻ നിർബന്ധിതനായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിതന്ദേർ സൈനിയും അങ്കിത്​ എന്ന്​ പരിചയപ്പെടുത്തിയ ഉബൈദ്​ ഖാനും ചേർന്ന്​ പെൺകുട്ടിയെ പ്രലോഭിപ്പിച്ച്​ ഒരു പെ​ട്രോൾ പമ്പിൽ കൊണ്ടുപോയെന്നും ശേഷം ഒരു ടെ​േമ്പായിലേക്ക്​ കയറ്റാൻ ​ശ്രമിക്കുന്നതിനിടെ പ്രദേശവാസികളിൽ ചിലർ കണ്ട്​ ബഹളം വെക്കുകയായിരുന്നുവെന്നുമാണ്​ അമ്മാവൻ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്​. തുടർന്ന്​ ആരോപിതർ രണ്ടുപേരും സംഭവസ്​ഥലത്ത്​ നിന്ന്​ രക്ഷപ്പെടുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന്​ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 363, 366 എ, പോക്‌സോ നിയമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ്​ പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്​.

പല ഹിന്ദുത്വ സംഘടനകളും അവർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കാളിയാവാൻ ക്ഷണിച്ചെങ്കിലും താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അവരുടെ ആവശ്യം വർഗീയ അസ്വാസ്​ഥ്യം സൃഷ്​ടിക്കുക മാത്രമാണെന്നും അമ്മാവൻ ഹിന്ദുസ്​ഥാൻ ടൈംസിനോട്​ വ്യക്​തമാക്കി.

അതേസമയം, തനിക്ക് സംഭവിച്ചതിന്റെ ഞെട്ടലിലാണ് പ്രായപൂർത്തിയാകാത്ത കുട്ടി. “അവൾ പുറത്തു പോകുന്നില്ല. അവളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്” -അമ്മാവൻ പറഞ്ഞു. “മുസ്‍ലിം സമുദായത്തിന് പിന്തുണ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് ഭയമുണ്ട്. ഞാൻ ഫേസ്ബുക്ക് തുറക്കുമ്പോഴെല്ലാം സംഭവവുമായി ബന്ധപ്പെട്ട വീഡിയോകളിലും വാർത്തകളിലുമെല്ലാം പറയുന്നത് ഇത് ലവ് ജിഹാദാണെന്നാണ്. അത് എന്നെ വിഷാദത്തിലാക്കുന്നു. എന്നാൽ, യഥാർത്ഥ കഥ എന്താണെന്ന് ആരും എന്നോട് ചോദിക്കുന്നില്ല. നാടുവിട്ടുപോയവർ ഒരിക്കലും പോകരുതായിരുന്നു. അവർ തിരികെ വരണം. ഒരാൾ ചെയ്ത കുറ്റത്തിന് മുഴുവൻ സമൂഹത്തെയും ഉപദ്രവിക്കരുത്’ -അദ്ദേഹം പറഞ്ഞു.

ആരോപിതരുടെ കുടുംബങ്ങൾ പറയുന്നത്

ഉബൈദ്​ ഖാനും ജിതേന്ദർ സൈനിയും ഇപ്പോൾ തെഹ്​രിഗഢ്​ വാളിലെ ജയിലിലാണ്​. ഇരുവരും നിരപരാധികളാണെന്നും ആ 14 കാരിയെ അറിയുകപോലുമില്ലെന്നുമാണ്​ ബന്ധുക്കൾ അവകാശപ്പെടുന്നത്​. പുരോലയിലെ ഒരു വർക്​ ഷോപ്പിൽ മെക്കാനിക്കാണ്​ സൈനി. അതിന്​ സമീപത്തായി കുടുംബം നടത്തുന്ന ഫർണിച്ചർ ഷോപ്പിലാണ്​ ഉബൈദ്​ ഖാൻ ജോലി ചെയ്​തിരുന്നത്​. ഇരുവരുടെയും കുടുംബങ്ങൾ പടിഞ്ഞാറൻ യു.പിയിലെ ബിജ്​നോറിൽനിന്ന്​ കുടിയേറിയവരാണ്​.

ജയിലിൽ ചെന്ന്​ കണ്ടപ്പോൾ മകൻ പറഞ്ഞ കാര്യങ്ങൾ ജിതേന്ദറി​െൻറ പിതാവ്​ അത്തർ സൈനി വിവരിച്ചത്​ ഇങ്ങനെ: ‘അന്ന്​ ആ പെൺകുട്ടി ജിതേന്ദർ നിൽക്കുന്ന കടയിൽ വന്ന്​ ഒരു സ്​ഥലത്തേക്കുള്ള വഴി ചോദിച്ചു. ജിതേന്ദറും ഉബൈദും കൂടി ബസ്​ സ്​റ്റാൻറ്​ വരെ പെൺകുട്ടിയെ കൊണ്ടുവിട്ട്​ കടകളിലേക്ക്​ തിരിച്ചു വരുകയായിരുന്നു. തട്ടിക്കൊണ്ടുപോകലൊന്നും ഉണ്ടായി​ട്ടേയില്ല. ഹിന്ദു-മുസ്​ലിം കലഹത്തി​െൻറ ഇടയിൽ കുരുങ്ങിപ്പോവുകയായിരുന്നു സൈനി’.

പെൺകുട്ടി​യെ അറിയില്ലെന്നും അവർ തമ്മിൽ ബന്ധമില്ലായിരുന്നെന്നുമാണ്​ ഉബൈദ്​ ഖാ​െൻറ മൂത്ത സഹോദരൻ അമീർ ഖാൻ പറയുന്നത്​. പെൺകുട്ടിയെ ബസ്​ സ്​റ്റാൻഡിൽ കൊണ്ടുവിട്ട്​ ഉബൈദ്​ കടയിൽ തിരിച്ചെത്തി ഏതാനും സമയം കഴിഞ്ഞതും അമ്പതു പേരടങ്ങുന്ന സംഘം ഒരു ഹിന്ദുത്വ നേതാവി​െൻറ നേതൃത്വത്തിൽ കയറിവന്ന്​ ചോദ്യം ചെയ്യലാരംഭിച്ചു. അവർ ഉബൈദിനെ പിടിച്ചുവലിച്ച്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി. അതിനു മുന്നിൽ അതിലും വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. അൽപം കഴിഞ്ഞ്​ ജിതേന്ദർ സൈനിയെയും ചില ആളുകൾ ചേർന്ന്​ കൊണ്ടുവന്നു. ഉബൈദി​െൻറ പേരിൽ കേസെടുക്കണമെന്നും അവനെ അറസ്​റ്റ്​ ചെയ്യണമെന്നും ജനം പൊലീസിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നു- അമീർ ഖാൻ പറയുന്നു.

ലവ് ജിഹാദല്ലെന്ന്​ പൊലീസും

ആളുകൾ വായിൽ തോന്നിയത്​ എന്തും പറയും, പക്ഷേ ഞങ്ങളുടെ ​അന്വേഷണത്തിൽ ഈ കേസ്​ ‘ലവ് ജിഹാദ്​’ആണെന്ന്​ കണ്ടെത്താനായിട്ടില്ല എന്നു പേര്​ വെളിപ്പെടുത്തരുത്​ എന്ന നിബന്ധനയോടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്​ഥരിലൊരാൾ scroll.in നോട്​ വ്യക്​തമാക്കി. പിടിയിലായ രണ്ടു പേർക്കും ഈ പെൺകുട്ടിയെ പരിചയമില്ല. മാർക്കറ്റിലെ ഒരു വിലാസമാണ്​ ആ കുട്ടി ഇവരോട്​ അന്വേഷിച്ചത്​. അവർ അവളെ ബസ്​ സ്​റ്റാൻഡിലേക്ക്​ കൊണ്ടുപോയി ഒരു ടെ​േമ്പായിൽ കയറ്റിയിരുത്താൻ ശ്രമിച്ചു, മുതലെടുപ്പ്​ നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം- ഉദ്യോഗസ്​ഥൻ പറയുന്നു. എന്നാൽ, ആരോപണം രണ്ടു​ പ്രതികളും നിഷേധിച്ചു.

Tags:    
News Summary - ‘I never stated love jihad’, reveals complainant on Uttarkashi minor abduction case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.