'സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് മധ്യസ്ഥത വഹിച്ചു'; എം.വി. ഗോവിന്ദനെ തള്ളി ശ്രീ എം

കോഴിക്കോട്: കണ്ണൂരിലും തിരുവനന്തപുരത്തും സി.പി.എം-ആർ.എസ്.എസ് സംഘർഷം തീർക്കുന്നതിന് മധ്യസ്ഥത വഹിച്ചെന്ന് സംഘ്പരിവാർ അനുകൂലിയായ ആത്മീയാചാര്യൻ ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരും തന്‍റെ മധ്യസ്ഥതയിൽ ചർച്ച നടന്നതായി മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ശ്രീ എം ഇടനിലക്കാരനായി സി.പി.എമ്മും ആർ.എസ്.എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

'ഭാരതയാത്ര നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചിന്തിച്ചത്. അന്ന് പി. ജയരാജനായിരുന്നു സി.പി.എം ജില്ല സെക്രട്ടറി. അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. അതിനടുത്ത ദിവസങ്ങളില്‍ ഞാന്‍ ഡല്‍ഹിക്ക് പോയിരുന്നു. അവിടെ വെച്ച് യാദൃശ്ചികമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ കണ്ടു. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നും എന്നാല്‍ ആരാണ് ഇതിന് മുന്‍കൈയ്യെടുക്കുക എന്നും ചോദിച്ചു. ഞാന്‍ മുന്‍കൈ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അങ്ങിനെയാണ് കേരളത്തില്‍ ഇരു വിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നത്. സി.പി.എമ്മില്‍ കോടിയേരി ബാലകൃഷ്ണനുമായും ആര്‍.എസ്.എസില്‍ നിന്ന് പ്രാന്ത പ്രചാരക് ഗോപാലന്‍കുട്ടിയുമായും സംസാരിച്ചു.'

തിരുവനന്തപുരത്ത് ഹോട്ടലിൽ വെച്ചാണ് യോഗം നടന്നതെന്ന് ശ്രീ എം പറയുന്നു. പിണറായി വിജയൻ പങ്കെടുത്തിരുന്നു. ആർ.എസ്.എസിൽ നിന്ന് ഗോപാലൻകുട്ടിയും മറ്റ് ചില മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു. അന്ന് ചർച്ച വിജയമായിരുന്നു.

കണ്ണൂരിലെ യോഗത്തിൽ പിണറായിക്ക് പുറമേ പി. ജയരാജനും കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്. രണ്ടു കൂട്ടരും അവരുടെ അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതോടെ കണ്ണൂരില്‍ സമാധാനമുണ്ടായി.

കണ്ണൂരില്‍ സമാധാനം വന്നത് ഞങ്ങള്‍ ആഘോഷിച്ചു. അവിടെ ഒരു യോഗം സംഘടിപ്പിച്ചു. വേദിയില്‍ എന്‍റെ ഇടതുവശത്ത് പി. ജയരാജനും വലതുവശത്ത് ഗോപാലന്‍കുട്ടിയുമുണ്ടായിരുന്നു -ശ്രീ എം പറഞ്ഞു.

സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നൽകിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്ന് ശ്രീ എം പറയുന്നു. വിവാദത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോള്‍ അതിലർഥമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. ഒരു മാസം മുമ്പാണ് ഭൂമിക്ക് അപേക്ഷ നല്‍കിയത്. ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.

തിരുവനന്തപുരത്തെ സത്സംഘ് ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നല്‍കിയത്. ഒരു സ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചു.

ആര്‍.എസ്.എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറുമായി തനിക്ക് ബന്ധമുള്ളതായും ശ്രീ എം പറഞ്ഞു. മുമ്പ് ഓര്‍ഗനൈസറിലുണ്ടായിരുന്ന മലയാളി ബാലശങ്കറിനെ അറിയാമായിരുന്നു. ഓര്‍ഗനൈസര്‍ പത്രാധിപര്‍ മല്‍ക്കാനിയെയും പരിചയപ്പെട്ടു. ഇടയ്ക്ക് ചില ലേഖനങ്ങള്‍ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നു.

തനിക്ക് ചെറുപ്പത്തില്‍ കമ്മ്യൂണിസത്തോട് അടുപ്പമുണ്ടായിരുന്നു. ഇ.എം.എസിനോട് വലിയ ബഹുമാനമായിരുന്നു. പിന്നീട് ഇതേ ബഹുമാനം വിവേകാനന്ദനോടും ഉണ്ടായി. വിവേകാനന്ദന്‍റെ കൃതികളും ദാസ് ക്യാപിറ്റലും വായിക്കുന്നയാളാണ് ഞാന്‍. ആര്‍.എസ്.എസിലും സി.പി.എമ്മിലുമുള്ളവരെ തനിക്കറിയാം. എന്നാല്‍ പിന്നെ എന്തുകൊണ്ട് സമാധാനം കൊണ്ടുവരാൻ ഒരു ശ്രമം നടത്തിക്കൂടാ എന്നതായിരുന്നു ചിന്ത -ശ്രീ എം അഭിമുഖത്തിൽ പറഞ്ഞു. 

ശ്രീഎമ്മി​െൻറ കാർമികത്വത്തിൽ പിണറായി വിജയൻ ആർ.എസ്​.എസി​െൻറ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യ കൂടിക്കാഴ്​ച നടത്തിയെന്ന് ഇ​കണോമിക്​ ടൈംസി​െൻറ ന്യൂഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ രചിച്ച The RSS And The Making of The Deep Nation എന്നപുസ്​തകത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇൗ ചർച്ചകൾക്ക്​ പിന്നാലെയാണ്​ സംസ്​ഥാനത്ത്​ പൊടുന്നനെ സി.പി.എം-ആർ.എസ്​.എസ്​ സംഘട്ടനങ്ങൾ അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കഴിഞ്ഞവർഷം ഫെബ്രുവരിയോടെ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഇൗ പുസ്​തകം തൊട്ടുപിന്നാലെ വന്ന കൊറോണ ലോക്​ഡൗണിൽ പെട്ടുപോകുകയായിരുന്നു. ആർ.എസ്​.എസി​െൻറ പദ്ധതികളെയും വളർച്ചയെയും കുറിച്ച്​ വിശദവും നിശിതവുമായ പഠനമായിരുന്നു​െവങ്കിലും രാജ്യമെങ്ങും പുസ്​തകശാലകൾ അടക്കം വ്യാപാരസ്​ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ അധികം മുഖ്യധാര ശ്രദ്ധയിലെത്തിയില്ല.

ശ്രീഎമ്മിനെയും സി.പി.എമ്മിനെയും ആർ.എസ്​.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്​തകത്തിൽ വിശദീകരിക്കുന്നു. 2014 ൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പാണ്​ ബന്ധ​ത്തി​െൻറ തുടക്കം. ഇൗ ക്യാമ്പിൽ പിണറായി വിജയനും പ​െങ്കടുത്തിരുന്നുവെന്ന്​ ദിനേഷ്​ നാരായണൻ എഴുതുന്നു.

Tags:    
News Summary - I mediated the CPM-RSS discussion says sri m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.