ഹൈദരാബാദ്: മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായുള്ള പരിപാടികൾ തെലങ്കാനയിലെ ക്ഷേത്രങ്ങളിൽ നടത്താൻ അനുവദിക്കില്ലെന്ന് വി.എച്ച്.പി. മിസ് വേൾഡ് മത്സരം നടത്തുന്നത് കൾച്ചറൽ ജിഹാദാണെന്നും വി.എച്ച്.പി വ്യക്തമാക്കി. തെലങ്കാനയിലെ രാമപ്പ ക്ഷേത്രം, യദഗിരിഗുട്ട, അനന്തഗിരി ഹിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ നടത്താൻ അനുവദിക്കില്ലെന്നാണ് വി.എച്ച്.പിയുടെ ഭീഷണി.
ഇവർഷം മിസ് വേൾഡ് മത്സരത്തിന്റെ വേദിയാവുക തെലങ്കാനയാണ്. മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്സൺ ജുലിയ മോർലിയും തെലങ്കാന ടൂറിസം സെക്രട്ടറി സ്മിത സബർവാളും ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. മെയ് നാല് മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് മിസ് വേൾഡ് മത്സരങ്ങൾ നടക്കുക.
മിസ് വേൾഡ് മത്സരം നടത്തുന്നതിലൂടെ തെലങ്കാനക്ക് ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമുണ്ടാക്കി നൽകാൻ സാധിക്കുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പൈതൃക പ്രദേശങ്ങളിൽ മത്സരം നടത്തുന്നത്. എന്നാൽ, ഇക്കാര്യത്തിലാണ് എതിർപ്പുമായി തെലങ്കാന വി.എച്ച്.പി രംഗത്തെത്തിയിരിക്കുന്നത്.
ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മിസ് വേൾഡ് മത്സരം നടത്തുന്നത് അപമാനകരമാണെന്ന് വി.എച്ച്.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി രവിനുത്താലെ ശശിധർ പറഞ്ഞു. തെലങ്കാനയുടെ പൈതൃകത്തിന്റെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിസ് വേൾഡ് മത്സരത്തിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഹൈദരാബാദിലാണ് നടക്കുന്നത്. ഇതിനൊപ്പം ഗ്രാൻഡ് ഫിനാലെയും നടക്കും. മത്സരത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ പൈതൃക സ്ഥലങ്ങളിൽ നടത്താനാണ് തെലങ്കാന ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.