മുഹമ്മദ് ഷഹാബുദ്ദീൻ

രാജിക്ക് പിന്നാലെ നിയമക്കുരുക്കിലേക്ക്: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിൽ പരാതി

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ച് ദിവസങ്ങൾക്കകം മുൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനെതിരെ ഗുരുതരമായ നിയമനടപടികളിലേക്ക് കടന്ന് രാഷ്ട്രീയ-സിവിൽ സംഘടനകൾ. 2024ൽ ശൈഖ് ഹസീന സർക്കാരിനെതിരെ നടന്ന ചരിത്രപരമായ പ്രക്ഷോഭ കാലത്ത് അരങ്ങേറിയ 'മാനവികതക്കെതിരായ കുറ്റകൃത്യങ്ങളിൽ' അന്നത്തെ പ്രസിഡന്റായിരുന്ന സഹാബുദ്ദീനും പങ്കുണ്ടെന്ന് ആരോപിച്ച് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിൽ (ICT) അന്വേഷണം ആവശ്യപ്പെട്ട് പരാതികൾ സമർപ്പിച്ചു.

മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള സമാനമായ വംശഹത്യ, അടിച്ചമർത്തൽ ആരോപണങ്ങളുടെ തുടർച്ചയായാണ് മുൻ പ്രസിഡന്റിനെതിരെയും ഇപ്പോഴത്തെ നീക്കം. ശൈഖ് ഹസീനയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ഷഹാബുദ്ദീൻ, പ്രക്ഷോഭത്തെ തുടർന്ന് ഹസീന രാജ്യം വിട്ടപ്പോഴും ഭരണഘടനാപരമായ പരമോന്നത പദവിയിൽ തുടരുകയായിരുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. രാജി സമർപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അദ്ദേഹത്തെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി സംഘടനകൾ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ICT) ചീഫ് പ്രോസിക്യൂട്ടർ എം.ഡി അമിനുൽ ഇസ്ലാം മുൻ പ്രസിഡന്റിനെതിരെ രണ്ട് പരാതികൾ ലഭിച്ചതായി സ്ഥിരീകരിച്ചു. 'ബംഗ്ലാദേശ് ആസാദ് പാർട്ടി', 'രാഷ്ട്ര സംഭാഷൺ ഫോറം' എന്നീ സംഘടനകളാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്.

‘അന്നത്തെ രാഷ്ട്ര തലവൻ എന്ന നിലയിൽ വിദ്യാർഥികൾക്കും പ്രക്ഷോഭകർക്കും നേരെ നടന്ന കൊലപാതകങ്ങൾ, തടങ്കലിലാക്കലുകൾ, ക്രൂരമായ പീഡനങ്ങൾ എന്നിവയിൽ ഷഹാബുദ്ദീനും നേരിട്ട് ഭരണഘടനാപരമായ പങ്കുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണം’ എന്ന് രാഷ്ട്ര സംഭാഷൺ ഫോറം കേന്ദ്ര അംഗമായ അൽ നൂർ മുഹമ്മദ് ആയാഷ് ആരോപിച്ചു.

നാഷണൽ സിറ്റിസൺ പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ സഹാബുദ്ദീനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, പ്രാഥമിക പരിശോധനയിൽ അടിയന്തര നടപടി ആവശ്യപ്പെടുന്ന തരത്തിലുള്ള ഘടകങ്ങളൊന്നും ആ ആരോപണങ്ങളിൽ കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. ആർക്കെതിരെയും അനാവശ്യമായി നീതിരഹിതമായ നടപടികൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ നിയമമന്ത്രി, എന്നാൽ ഷഹാബുദ്ദീനെതിരെ ഉയർന്നിട്ടുള്ള സാമ്പത്തിക-അഴിമതി ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൂട്ടിച്ചേർത്തു.

Tags:    
News Summary - ICT Receives Complaints Against Ex-President Shahabuddin Over Uprising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.