ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽവത്കരിച്ചശേഷം ആ കുറ്റം ചുമത്തി രാജ്യത്താകമാനം എത്ര കേസുകൾ രജിസ്റ്റർ ചെയ്തെന്ന് അറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി. മുത്തലാഖ് നിരോധിക്കുകയും ഒരു വിവാഹമോചനം പോലും അത്തരത്തിൽ രാജ്യത്ത് സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇത് ക്രിമിനൽ കുറ്റമാക്കുന്നതെന്തിനാണെന്നാണ് ഹരജിക്കാർ ചോദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി.
മൂന്ന് മൊഴിയും ഒറ്റയിരിപ്പിൽ ചൊല്ലി വിവാഹമോചനം ചെയ്യുന്ന മുത്തലാഖ് സമ്പ്രദായത്തെ ഹരജിക്കാർ ആരും അനുകൂലിച്ചിട്ടില്ലെന്നും അതിനെ ക്രിമിനൽവത്കരിച്ചതിനെയാണ് ചോദ്യം ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ഖന്ന കൂട്ടിച്ചേർത്തു. ‘2019ലെ മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ’ എന്ന പേരിട്ട് മുത്തലാഖിനെതിരെ സമർപ്പിച്ച എല്ലാ ഹരജികളും ഒരുമിച്ച് കേൾക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
ഭാര്യയെ ഉപേക്ഷിക്കൽ ഒരു സമുദായത്തിൽ മാത്രമല്ലെന്ന് മുസ്ലിംകൾക്കിടയിലെ വിവാഹമോചനം മാത്രം കുറ്റകൃത്യമാക്കി മാറ്റിയ നടപടി ചോദ്യം ചെയ്ത അഭിഭാഷകൻ നിസാം പാഷ ചൂണ്ടിക്കാട്ടി. മുത്തലാഖ് മറ്റു സമുദായങ്ങളിൽ ഇല്ലെന്നായിരുന്നു കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഇതിന് നൽകിയ മറുപടി. സംസ്കാരമുള്ള ഒരു സമൂഹത്തിലും ഇത്തരമൊരു സമ്പ്രദായമില്ലെന്നും മേത്ത കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനക്കും വിശുദ്ധ ഖുർആനും വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് 2017ൽ ശായിറ ബാനു കേസിൽ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. മുസ്ലിം സംഘടനകളെല്ലാം വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ഈ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ എഴുതിയ ന്യൂനപക്ഷ വിധിയിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്ന് പ്രസ്താവിച്ചു. അതിൽ പിടിച്ചാണ് കേന്ദ്ര സർക്കാർ 2019ൽ മുത്തലാഖ് മൂന്നുവർഷം തടവ് ലഭിക്കുന്ന ക്രിമിനൽ കുറ്റമാക്കി നിയമം പാസാക്കിയത്.
മുസ്ലിം ഭർത്താക്കന്മാരെ ക്രിമിനലുകളാക്കി മുദ്രകുത്തി ജയിലിൽ തള്ളാനുള്ള കേന്ദ്ര സർക്കാറിന്റെ അജണ്ടയാണെന്ന വിമർശനവുമായി മുസ്ലിം സംഘടനകൾ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തി. 2019ൽ സമർപ്പിച്ച ഹരജികൾ പരമോന്നത കോടതി അഞ്ച് വർഷമായിട്ടും തീർപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.