മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ പുതിയ നടപടി. പി.എം.എല്‍.എ നിയമപ്രകാരം വിചാരണ നടത്താനാണ് ഇ.ഡിക്ക് അനുമതി നൽകിയിരിക്കുന്നത്.

പ്രത്യേക അനുമതി ലഭിക്കാതെ കള്ളപ്പണം തടയല്‍ നിയമപ്രകാരം, കുറ്റപത്രം നല്‍കാനുള്ള വിചാരണ കോടതി തീരുമാനത്തെ അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയതിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലെ പ്രത്യേക പി.എം.എല്‍.എ കോടതി കുറ്റം ചുമത്തുന്നത് വൈകിപ്പിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, അഴിമതി നിരോധന നിയമപ്രകാരം അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി തേടിയിരുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍, സി.ബി.ഐ അനുമതി തേടിയതിന് സമാനമായി, ഇ.ഡിക്കും പ്രോസിക്യൂഷന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു.

വിവാദമായ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും കോഴ വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് 245 സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കേസില്‍ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്്, വിജയ് നായര്‍ എന്നിവരുള്‍പ്പെടെ പന്ത്രണ്ടിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - home-ministry-grants-enforcement-directorate-approval-to-prosecute-arvind-kejriwal-in-money-laundering-delhi-liquor-policy-case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.