ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപീചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപീചന്ദ് പി. ഹിന്ദുജ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലായിരുന്നു അന്ത്യം. 2023ലാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തിയത്. നാല് ഹിന്ദുജ സഹോദരങ്ങളിൽ രണ്ടാമത്തേയാളായിരുന്നു ഗോപീചന്ദ്. ഏറ്റവും മൂത്തയാളായിരുന്ന ശ്രീചന്ദ് ഹിന്ദുജ 2023ൽ അന്തരിച്ചിരുന്നു. ഇനി പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് ജീവിച്ചിരിപ്പുള്ളത്.

1950ലാണ് ഗോപീചന്ദ് ഹിന്ദുജ കുടുംബ ബിസിനസിൽ ചേർന്നത്. ബോംബെയിലും ഇറാനിലെ തെഹ്‌റാനിലും വ്യാപിച്ചു കിടക്കുന്നതായിരുന്നു ഹിന്ദുജ സഹോദരങ്ങളുടെ പിതാവിന്റെ ബിസിനസ് സാമ്രാജ്യം. ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് ഭക്ഷ്യവസ്‍തുക്കളും(പ്രധാനമായും ഉള്ളിയും കിഴങ്ങും) ഇരുമ്പയിരും വിൽപ്പന നടത്തിയാണ് ബിസിനസ് തുടങ്ങിയത്. ടാറ്റ, ബിർള, അംബാനി എന്നീ പേരുകൾക്കൊപ്പം ഹിന്ദുജ ഗ്രൂപ്പും ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസ് പേരുകളിലൊന്നായി മാറി.ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഫിനാൻസ്, ഐ.ടി, ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, പവർ, മീഡിയ, എന്റർടൈൻമെന്റ് എന്നിവയുൾപ്പെടെ 11 മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന് ബിസിനസുകളുണ്ട്.

അശോക് ലെയ്‌ലാൻഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻ.എക്സ്.ടി ഡിജിറ്റൽ ലിമിറ്റഡ് എന്നിവ അതിന്റെ അറിയപ്പെടുന്ന ബ്രാൻഡുകളിൽ ചിലതാണ്. സൺ‌ഡേ ടൈംസിന്റെ 2025 ലെ റിച്ച് ലിസ്റ്റിൽ ഗോപിചന്ദ് ഹിന്ദുജയുടെ കുടുംബം 32.3 ബില്യൺ പൗണ്ട് ആസ്തിയുള്ള  യു.കെയിലെ ഏറ്റവും സമ്പന്നരായ കുടുംബമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2021 ൽ ഹിന്ദുജ കുടുംബം തമ്മിലുള്ള തർക്കം ലണ്ടൻ കോടതി വരെ എത്തി. 2024ലെ കണക്കനുസരിച്ച് യു.കെയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ഗോപീചന്ദ്. 1990കൾ മുതൽ സ്ഥിരമായി അദ്ദേഹം യു.കെയിലെയും ഏഷ്യയിലെയും ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 

ബോംബെ ജയ് ഹിന്ദ് കോളജിൽ നിന്ന് ബിരുദം നേടിയ ഗോപിചന്ദ് വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ നിന്നും റിച്ച്മണ്ട് കോളജിൽ നിന്നും ഓണററി ഡോക്ടറേറ്റ് ബിരുദങ്ങൾ നേടിയിട്ടുണ്ട്.

സുനിത ഹിന്ദുജയാണ് ഭാര്യ. സഞ്ജയ് ഹിന്ദുജ, ധീരജ് ഹിന്ദുജ, റീത്ത ഹിന്ദുജ എന്നിവരാണ് മക്കൾ. 1997ലാണ് ഗോപീചന്ദ് ഹിന്ദുജ ബ്രിട്ടീഷ് പൗരത്വം നേടിയത്.

Tags:    
News Summary - Hinduja Group Chairman Gopichand P Hinduja Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.