'തലസ്ഥാനം വാരാണസിയാക്കും, അഹിന്ദുക്കൾക്ക് വോട്ടില്ല'; ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാൻ ഭരണഘടന തയാറാക്കുന്നതായി സ്വാമി ആനന്ദ് സ്വരൂപ്

ന്യൂഡൽഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഭരണഘടന തയാറാക്കുന്നുണ്ടെന്നും അടുത്ത മാഗ് മേളയോട് അനുബന്ധിച്ച് നടക്കുന്ന ധരം സൻസദിൽ ഇത് അവതരിപ്പിക്കുമെന്നും ഹിന്ദു രാഷ്ട്ര നിർമാൺ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ്. പണ്ഡിതന്മാരും വിദഗധരുമടങ്ങുന്ന 30 പേരുള്ള സംഘം ഇതിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും 750 പേജുള്ള ഭരണഘടനയാണ് പുറത്തിറക്കുകയെനും ആനന്ദ് പറഞ്ഞു.

ഫെബ്രുവരിയിൽ നടന്ന ഈ വർഷത്തെ മാഗ് മേളയിൽ നടന്ന ധരംസൻസദിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ഭരണഘടന തയാറാക്കുമെന്ന് പ്രമേയം പാസാക്കിയിരുന്നു. 2023 ലെ മാഗ് മേളയിൽ ഇത് അവതരിപ്പിക്കും. ശാംഭവി പീതാധീശ്വറാണ് കരട് തയാറാക്കാൻ നേതൃത്വം നൽകുന്നത്. ഹിന്ദു രാഷ്ട്ര നിർമാൺ സമിതി തലവൻ കമലേശ്വർ ഉപാധ്യായ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബിഎൻ റെഡ്ഡി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, സനാതൻ ധർമ്മ പണ്ഡിതൻ ചന്ദ്രമണി മിശ്ര, വേൾഡ് ഹിന്ദു ഫെഡറേഷൻ പ്രസിഡന്റ് അജയ് സിങ് തുടങ്ങിയവർ കമ്മറ്റിയിലുണ്ട്.

"750 പേജുള്ളതായിരിക്കും ഭരണഘടന. അതിന്റെ രൂപരേഖ സംബന്ധിച്ച് മതപണ്ഡിതന്മാരുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ചകളും സംവാദങ്ങളും നടത്തും. ഏകദേശം 300 പേജുകൾ പ്രയാഗ്‌രാജിൽ 2023ൽ നടക്കുന്ന മാഗ് മേളയിൽ പുറത്തിറക്കും. അതിനായി ധരം സൻസദ് നടക്കും" ആനന്ദ് സ്വരൂപ് വ്യക്തമാക്കി. വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി 32 പേജുകൾ ഇതുവരെ തയ്യാറാക്കിയതായും ഇയാൾ പറഞ്ഞു.

'തലസ്ഥാനം ഡൽഹിക്ക് പകരം വാരണാസി'

പുതിയ ഭരണഘടന പ്രകാരം ഡൽഹിക്ക് പകരം വാരണാസിയാണ് രാജ്യത്തിന്റെ തലസ്ഥാനമെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു. കാശിയിൽ മത പാർലമെന്റ്' സ്ഥാപിക്കും. 'അഖണ്ഡ് ഭാരത്' മാപ്പ് കരട് പദ്ധതിയു​ടെ മുഖപേജിൽ കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, ശ്രീലങ്ക, മ്യാൻമർ തുടങ്ങി ഇന്ത്യയിൽ നിന്ന് വേർപെട്ട രാജ്യങ്ങൾ ഹിന്ദുരാഷ്ട്രയിൽ ഒരുനാൾ ലയിക്കുമെന്ന് കാണിക്കാനാണ് ഇത് ഉൾപ്പെടുത്തിയതെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.

'മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും വോട്ടവകാശമുണ്ടാവില്ല'

എല്ലാ ജാതിയിലുംപെട്ട ആളുകൾക്ക് രാജ്യത്ത് ജീവിക്കാമെങ്കിലും ഹിന്ദു അല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് 'ഭരണഘടന'യെ കുറിച്ച് വിശദീകരിക്കവെ സ്വരൂപ് പറഞ്ഞു. 'ഹിന്ദു രാഷ്ട്ര ഭരണഘടനയുടെ കരട് അനുസരിച്ച് മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും പൗരന്റെ എല്ലാ അവകാശങ്ങളും നൽകുമെങ്കിലും വോട്ടവകാശം നൽകില്ല. ഏതൊരു സാധാരണ പൗരനും ചെയ്യുന്നത് പോലെ തങ്ങളുടെ ബിസിനസ് ചെയ്യാനും ജോലി നേടാനും വിദ്യാഭ്യാസം നേടാനും അനുവദിക്കും. എന്നാൽ, അവർക്ക് വോട്ട് ചെയ്യാനുള്ള പൗരാവകാശം ഉണ്ടാവില്ല' -സ്വരൂപ് പറഞ്ഞു.

'ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിലേയും ശിക്ഷാ സമ്പ്രദായം നടപ്പാക്കും'

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 25 വയസ്സായി നിജപ്പെടുത്തും. 16 വയസ്സ് പൂർത്തിയാകുന്നതോടെ വോട്ടവകാശം ലഭിക്കും. മത പാർലമെന്റിലേക്ക്' ആകെ 543 അംഗങ്ങളെ തിരഞ്ഞെടുക്കും. പുതിയ സംവിധാനം ബ്രിട്ടീഷ് കാലഘട്ടത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതാക്കും. എല്ലാം 'വർണ്ണാശ്രമ' സമ്പ്രദായത്തിലാണ് നടപ്പാക്കുക. ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിലേയും ശിക്ഷാ സമ്പ്രദായത്തിൽ അധിഷ്ഠിതമായിരിക്കും നീതിന്യായ വ്യവസ്ഥ. ഗുരുകുല സമ്പ്രദായം പുനരുജ്ജീവിപ്പിക്കും. ആയുർവേദം, ഗണിതം, നക്ഷത്രം, ഭൂഗർഭം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകും. ഓരോ പൗരനും നിർബന്ധിത സൈനിക പരിശീലനം ഏർപ്പാടാക്കും. കൃഷി പൂർണമായും നികുതിരഹിതമാക്കും -ആനന്ദ് സ്വരൂപ് പറഞ്ഞു.

Tags:    
News Summary - ‘Hindu Rashtra’ draft proposes Varanasi as capital instead of Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.