‘ഗൗരവ് ഗൊഗോയ് പാകിസ്താനിൽ രണ്ടാഴ്ച താമസിച്ചിട്ടുണ്ട്, സർവകക്ഷി സംഘത്തിൽ നിന്ന് ഒഴിവാക്കണം’; പുതിയ വിവാദവുമായി ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിലെ കോൺഗ്രസ് പ്രതിനിധിയുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേന്ദ്ര സർക്കാറിന് കൈമാറിയ കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിൽ ഉൾപ്പെട്ട അസം എം.പിയും ലോക്സഭ ഉപനേതാവുമായ ഗൗരവ് ഗൊഗോയ്ക്കെതിരെയാണ് ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്.

ദേശസുരക്ഷ കണക്കിലെടുത്ത് ഗൗരവ് ഗൊഗോയിയെ പ്രതിനിധിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിശ്വ ശർമ എക്സിലൂടെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്ത് കൊബേണിന് പാകിസ്താനുമായി ബന്ധമുണ്ടെന്നും അസം മുഖ്യമന്ത്രി ആരോപിക്കുന്നു. അധികൃതരെ അറിയിക്കാതെ 15 ദിവസം ഗൊഗോയ് പാകിസ്താനിൽ താമസിച്ചിട്ടുണ്ടെന്നും പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒയ്ക്കായി ഇന്ത്യയിൽ എലിസബത്ത് ജോലി ചെയ്യുന്നുണ്ടെന്നും ശർമ പറയുന്നു.

'പാകിസ്താനിൽ രണ്ടാഴ്ച താമസിച്ച വിവരം പട്ടികയിലെ അസമിൽ നിന്നുള്ള എം.പി നിഷേധിച്ചിട്ടില്ല. പാക് ആസ്ഥാനമായതും ഇന്ത്യയിൽ പ്രവർത്തിക്കുന്നതുമായ എൻ.ജി.ഒയിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നതായി വിശ്വസനീയമായ രേഖകളിലൂടെ വെളിപ്പെട്ടതാണ്. ദേശസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടികലർത്തരുത്. സെൻസിറ്റീവും തന്ത്രപ്രധാനവുമായ ദൗത്യത്തിൽ ഈ വ്യക്തിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിക്കുന്നു' -ഹിമന്ത ബിശ്വ ശർമ എക്സിൽ വ്യക്തമാക്കി.

‘ഓപറേഷൻ സിന്ദൂറി’നെ കുറിച്ച് വിദേശ രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്ന സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക കേന്ദ്ര സർക്കാർ ആവശ്യ പ്രകാരം കോൺഗ്രസ് കൈമാറിയിരുന്നു. ഈ പട്ടികയിൽ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി ആനന്ദ് ശർമ, ഡോ. സയ്യിദ് നസീർ ഹുസൈൻ എം.പി, രാജ ബ്രാർ എം.പി എന്നിവർക്കൊപ്പം ഗൗരവ് ഗൊഗോയിയും ഉൾപ്പെട്ടിരുന്നു.

മുമ്പും അസമിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ ഗൗരവ് ഗൊഗോയിക്കെതിരെ സമാന ആരോപണം ഹിമന്ത ബിശ്വ ശർമ ഉന്നയിച്ചിട്ടുണ്ട്. ഗൊഗോയിയുടെ മക്കൾ ഇന്ത്യൻ പൗരന്മാരല്ലെന്നും പാകിസ്താനിൽ പോയി 15 ദിവസം അദ്ദേഹം അവിടെ എന്താണ് ചെയ്തതെന്ന് പരിശോധിക്കണമെന്നും ബിശ്വ ശർമ ആവശ്യപ്പെട്ടിരുന്നു.

‘ഗൊഗോയിയുടെ മകനും മകളും ഇന്ത്യൻ പൗരന്മാരല്ല എന്നതിന് വ്യക്തമായ തെളിവുണ്ട്. 15 ദിവസം അദ്ദേഹം പാകിസ്താനിൽ എന്തു ചെയ്തെന്ന കാര്യം ഞങ്ങൾ പരിശോധിക്കുന്നുണ്ട്. പാകിസ്താനിൽ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നുമില്ല, അതൊരു തീവ്രവാദ കേന്ദ്രം മാത്രമാണ്’ -ഹിമന്ത എ.എൻ.ഐയോട് പറഞ്ഞത്.

ഗൊഗോയി പാകിസ്താനിൽ പോയി എന്നത് നൂറു ശതമാനം ഉറപ്പാണ്. എന്നാൽ, 15 ദിവസം അവിടെ എന്താണ് ചെയ്തത്? റോബർട്ട് വദ്രക്കും ഗൗരവ് ഗൊഗോയിക്കും ഇന്ത്യയേക്കാൾ കൂടുതൽ പാകിസ്താന്‍റെ കാര്യത്തിലാണ് ആശങ്കയെന്നും ബിശ്വ ശർമ പറഞ്ഞു. ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന് പാകിസ്താനുമായും ചാരസംഘടനയായ ഐ.എസ്‌.ഐയുമായും ബന്ധമുണ്ടെന്നും ബിശ്വ ശർമ നേരത്തെ ആരോപിച്ചിരുന്നു.

അസമിൽ ഹിമന്ത ബിശ്വ ശർമയോട് നേർക്കുനേർ പോരാടുന്ന കരുത്തനായ കോൺഗ്രസ് നേതാവാണ് ഗൗരവ് ഗൊഗോയി. ഗൊഗോയിയെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലേക്ക് അടുത്ത കാലത്ത് ബിശ്വ ശർമ മാറിയിട്ടുണ്ട്. 

Tags:    
News Summary - Himanta Sarma's 'drop MP' request after Gaurav Gogoi named for Op Sindoor outreach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.