ഹിമന്ത ബിശ്വ ശർമ
ഗുവാഹതി: വീണ്ടും വിദ്വേഷം പടർത്തുന്ന പ്രസ്താവനയുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ ഹിന്ദു ദമ്പതികൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന ഉപദേശവുമായാണ് ഇത്തവണ ഹിമന്ത രംഗത്തെത്തിയത്. മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങളിലെ ജനന നിരക്ക് കൂടുമ്പോൾ, ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ജനന നിരക്ക് കുറയുന്നതായി ഗുവാഹതിയിൽ മാധ്യമങ്ങളുമായി സംസാരിക്കവെ പറഞ്ഞു.
ഹിന്ദു കുടുംബങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും, ഒന്നിൽ അവസാനിപ്പിക്കരുതെന്ന് ഉപദേശിഷക്കാനും അദ്ദേഹം മറന്നില്ല.
‘ഹിന്ദുക്കളിൽ, ജനന നിരക്ക് കുറഞ്ഞുവരികയാണ്. അതുകൊണ്ടാണ് ഒരു കുട്ടിയിൽ നിർത്താതെ കുറഞ്ഞത് രണ്ട് കുട്ടികൾക്കെങ്കിലും ജന്മം നൽകാൻ ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. സാധിക്കുന്നവർക്ക് മൂന്ന് കുട്ടികൾവരെയാകാം’- അദ്ദേഹം പറഞ്ഞു.
‘മുസ്‍ലിംകൾ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്ന് ആവശ്യപ്പെടുകയാണ്. ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ പ്രസവിക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, ഹിന്ദു വീടുകൾ നോക്കാൻ ആരുമുണ്ടാകില്ല’ -വിദ്വേഷവും വർഗീയതയും പടർത്തുന്ന പ്രസ്താവനകൾ ശീലമാക്കിയ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
രണ്ടു ദിവസം മുമ്പ് നടത്തിയ പ്രസ്താവനയിലും ഇദ്ദേഹം മതന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ ഉയരുന്നതായി ആരോപണമുന്നയിച്ചിരുന്നു. അസ്സമിൽ ബംഗ്ലാദേശ് വംശജരായ മിയ മുസ്‍ലികൾ 2027സെൻസസോടെ 40 ശതമാനമായി ഉയരുമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
തന്റെ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനകാലത്ത് ഈ വിഭാഗക്കാരുടെ ആകെ ജനസംഖ്യ 21 ശതമാനമാനമായിരുന്നു. 2011ലെ സെൻസസിൽ ഇവരുടെ എണ്ണം 31 ശതമാനമായി ഉയർന്നു. അവരുടെ ജനസംഖ്യ 40നും മുകളിലേക്ക് ഉയരുകയാണ്. മുസ്‍ലിം ജനസംഖ്യ 50ന് മുകളിലേക്ക് ഉയർന്നാൽ മറ്റുള്ളവർ ഇല്ലാതാകും. പതിറ്റാണ്ടുകൾ നീണ്ട കുടിയേറ്റം കാരണം തദ്ദേശീയരായ അസ്സം ജനത ഇപ്പോൾ വെല്ലുവിളി നേരിടുകയാണ് -ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് നടന്ന അസ്സം ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമർശങ്ങൾ.
വരാനിരിക്കുന്ന അസ്സം നിയമസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ മുസ്‍ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന കോൺഗ്രസ് വക്താവിന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി വിമർശിച്ചു. ‘ ഹിന്ദു, മുസ്‍ലിം വ്യത്യാസമില്ലാതെ അസ്സം ജനങ്ങൾക്കായി സീറ്റ് സംവരണം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. എന്നാൽ, കോൺഗ്രസ് മുസ്‍ലിംകൾക്കായി സീറ്റ് മാറ്റിവെക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.