പ്രിയങ്ക ഗാന്ധി അസമിലെ ജോർഹട്ടിൽ റോഡ്ഷോയ്ക്കിടെ

അസമിൽ പ്രിയങ്കയുടെ റോഡ്ഷോക്കെത്തിയത് ആയിരങ്ങൾ; ‘കാണ്ടാമൃഗങ്ങളെ കാണുന്നതാണ് കൂടുതൽ നല്ലത്’, അധിക്ഷേപിച്ച് ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: ജോർഹട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ​ങ്കെടുത്ത റോഡ്ഷോയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിനാളുകൾ. പാർട്ടി സ്ഥാനാർഥി ഗൗരവ് ഗൊഗോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രിയങ്ക ജോർഹാട്ടിൽ റോഡ്ഷോക്കെത്തിയത്. നിറഞ്ഞ നിരത്തിൽ ആവേശഭരിതരായ ജനങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രിയങ്കക്കെതിരെ അധിക്ഷേപവുമായാണ് ബി.ജെ.പി നേതാക്കൾ ഇതിനെ നേരിട്ടത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ‘അമുൽ ബേബി’ എന്ന് വിശേഷിപ്പിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പ്രിയങ്ക ​ഗാന്ധിയെ കാണുന്നതിനേക്കാൾ ജനം കാസിരംഗ പാർക്കിൽ കാണ്ടാമൃഗങ്ങളെയും മറ്റും കാണാനാണ് കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതെന്നും പറഞ്ഞു.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ ഭരണഘടനയെ അവർ തിരുത്തിയെഴുതുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. ‘‘രണ്ടുമൂന്നു വർഷംമുമ്പ് ഞാൻ ഇവിടെ വന്നിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിങ്ങളുടെ വേതനം വർധിപ്പിക്കുമെന്ന് ഞാൻ പറഞ്ഞു. നിർഭാഗ്യവശാൽ, നിങ്ങൾ ബി.ജെ.പിയെ തെരഞ്ഞെടുത്തതിനാൽ അന്ന​ത്തെ അതേ 250 രൂപയാണ് ഇന്നും നിങ്ങളുടെ ദിവസവേതനം. ഞങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ, തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന നിങ്ങളുടെ കൂലി വർധിപ്പിക്കുമെന്ന് ഉറപ്പുനൽകുകയാണ്. വിലവർധന തടഞ്ഞുനിർത്താൻ കോൺഗ്രസിനെ പിന്തുണക്കേണ്ടത് അത്യാവശ്യമാണ്. മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഭിന്നിപ്പിക്കാനും വെറുപ്പ് പടർത്താനും ശ്രമിക്കുന്നവർക്ക് വോട്ടുനൽകാതിരിക്കാം’-പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ റോഡ്ഷോക്കെത്തിയ ജനക്കൂട്ടത്തെ കണ്ട് ബി.ജെ.പി നേതാക്കൾക്ക് വിറളി പിടിച്ചുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. പ്രിയങ്കയെ അധിക്ഷേപിച്ച ഹിമന്ത ബിശ്വ ശർമയുടെ വാക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

’പ്രിയങ്കയെ കാണാൻ ആരാണ് പോവുക? പ്രിയങ്ക ഗാന്ധിയെ കാണുന്നതിന് പകരം കാണ്ടാമൃഗങ്ങളെയും മറ്റ് മൃഗങ്ങളെയും കാണാൻ ആളുകൾ കാസിരംഗ നാഷനൽ പാർക്ക് സന്ദർശിച്ചേക്കും. ​ഗാന്ധി കുടുംബത്തിലെ അം​ഗങ്ങളെ കാണുന്നത് കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. അതേസമയം കാസിരം​ഗയിൽ പോയി കാണ്ടാമൃ​ഗങ്ങളെ കാണുന്നതിലൂടെ സമയം കൂടുതൽ അർഥവത്തായി ഉപയോ​ഗിക്കാൻ ജനങ്ങൾക്ക് സാധിക്കും. ​ഗാന്ധി കുടുംബാം​ഗങ്ങൾ പരസ്യത്തിന് വേണ്ടി മാത്രമുള്ള അമുൽ ബേബികളാണ്’ - ഇതായിരുന്നു ബിശ്വ ശർമയുടെ പരാമർശം

അതേസമയം, ഭരണഘടന അപകടത്തിലാണെന്ന വ്യാജപ്രചാരണം നടത്തി ജനങ്ങളെ കോൺ​ഗ്രസ് ഭയപ്പെടുത്തുകയാണെന്നായിരുന്നു കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയും സവിശേഷതകളും മാറ്റാൻ കഴിയില്ല. വ്യാജപ്രചാരണങ്ങൾ നടത്തുന്നതിലൂടെ ദലിത് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും അട്ടിമറിക്കുകയാണ് കോൺ​ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Himanta Biswa Sarma says Gandhi families are amul babies for ads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.