സോനം വാങ്ചുക് നിരാഹാര സമരത്തിൽ
ന്യൂഡൽഹി: നിരാഹാരം 18 ദിവസം പിന്നിട്ടതിന്റെ ശാരീരിക അവശതകൾക്കിടയിലും ലക്ഷ്യം കണാതെ പിന്മാറില്ലെന്ന് വ്യക്തമാക്കി സോനം വാങ്ചുക്. അതേസമയം, വാങ്ചുകിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടണൽ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സ്വീകരിച്ച ഡൽഹി ഹൈകോടതി ഇന്ന് അടിയന്തരമായി പരിഗണിക്കും. സോനം വാങ്ചുകിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർമന്തറിൽ സമരം നടത്തുന്ന മുഴുവൻ വിദ്യാർഥികളും ഇന്ന് ഏകദിന നിരാഹാരമിരിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന നിരാഹാര സമരം 18 ദിവസമായപ്പോൾ സോനം വാങ്ചുകിന്റെ ശരീര ഭാരം 24 മണിക്കൂറിനുള്ളിൽ 400 ഗ്രാം കുറഞ്ഞ് 57.15 കിലോയിലെത്തി. വാങ്ചുക് അങ്ങേയറ്റം ദുർബലനായെന്നും 24 മണിക്കൂറും വൈദ്യനിരീക്ഷണത്തിൽ നിർത്തേണ്ട സാഹചര്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.
സമരക്കാരുമായി സംഭാഷണം പോലും നടത്താൻ തയാറാകാതെ ക്രൂരമാകുകയാണ് സർക്കാർ എന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ കുറ്റപ്പെടുത്തി. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്ന ഈ മാസം 20ന് ആഹ്വാനം ചെയ്ത പാർലമെൻറ് മാർച്ച് വിജയിപ്പിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. സി.ജെ.പി സമരം 27 ദിവസം പിന്നിട്ടു.
ഒരു സാമൂഹിക മനുഷ്യാവകാശ പ്രവർത്തകൻ ജനവിരുദ്ധവും വിമർശനത്തിനിടയാക്കിയതുമായ സർക്കാർ സമീപനത്തിനെതിരെ സമരത്തിലാണെന്ന് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയുടെ മുമ്പാകെ ആക്ടിവിസ്റ്റ് കൂടിയായ അഡ്വ. രാകേഷ് കുമാർ സൈനി ബോധിപ്പിച്ചു.
സ്വന്തം ജീവൻ കളയുന്ന സമരമാണ് അദ്ദേഹം നടത്തുന്നതെന്നും അതിൽ അടിയന്തരമായി ഇടപെടണമെന്നും സൈനി ആവശ്യപ്പെട്ടു. ഹരജി സ്വീകരിക്കുകയാണെന്നും വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് വ്യാഴാഴ്ചതന്നെ കേസ് പരിഗണിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്ന് ഹൈകോടതി കേന്ദ്ര, ഡൽഹി സർക്കാറുകളുടെ പ്രതികരണത്തിന് നോട്ടീസ് അയച്ചു.
തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ശശി തരൂർ എം.പി തുടങ്ങിയവർ നിരാഹാരം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.