യോഗി ആദിത്യനാഥ്
ലഖ്നോ: അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് രാമഭക്തരുടെ വിശ്വാസത്തിന് മുറിവേൽപിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ, ഇതിന്റെ പേരിൽ അയോധ്യയെയും രാമജന്മഭൂമിയെയും അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര ട്രസ്റ്റ് ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ കാര്യങ്ങളിൽ ഇടപെടാൻ സർക്കാറിന് അധികാരമില്ലെന്നും പറഞ്ഞ യോഗി, ട്രസ്റ്റ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചെന്നും റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചെന്നും കൂട്ടിച്ചേർത്തു.
എന്നാൽ, രാമക്ഷേത്ര നിർമാണത്തിനായി നൂറ്റാണ്ടുകളോളം കാത്തിരുന്ന ഭക്തർ സത്യം പുറത്തുവരാൻ അന്വേഷണത്തിന് കുറച്ച് സമയം കൂടി നൽകണമെന്നും കുറ്റക്കാർ ആരായാലും രക്ഷപ്പെടില്ലെന്നുമാണ് യോഗി നേരത്തേ വ്യക്തമാക്കിയിരുന്നത്. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം കൈവശമുള്ള രേഖകളും തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് ലഭിച്ചയുടൻ സർക്കാർ നടപടി സ്വീകരിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ വിശ്വാസത്തെയും സനാതന മൂല്യങ്ങളെയും ദുരുപയോഗം ചെയ്യുന്നവരോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആവർത്തിച്ചു.
അതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനുമെതിരെ യോഗി രൂക്ഷവിമർശനം ഉന്നയിച്ചു. ആനുകൂല്യങ്ങൾ അനുഭവിച്ച് വളർന്ന രണ്ട് രാജകുമാരന്മാരാണ് ഇരുവരുമെന്നും, ഇടക്കിടെ വിനോദയാത്ര പോവുകയും, തിരികെയെത്തി രാഷ്ട്രീയ നേട്ടങ്ങൾക്കായി ജാതിയുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അയോധ്യയുടെ വികസനം പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് കരുത്തേകിയതായി മുഖ്യമന്ത്രി പറഞ്ഞു. പൂക്കച്ചവടക്കാർ, റിക്ഷാ തൊഴിലാളികൾ, ചായക്കടക്കാർ, ഹോട്ടൽ ഉടമകൾ, ടാക്സി ഡ്രൈവർമാർ തുടങ്ങി എല്ലാവർക്കും സാമ്പത്തിക നേട്ടവും അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.