സുപ്രീംകോടതി
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ഹരജി പരിഗണിക്കുന്നതിനിടെ, ഇത്തരം വിഷയങ്ങളിൽ നേരിട്ട് പൊതുതാൽപര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിനെ ജസ്റ്റിസ് വിമർശിച്ചു. ഇത്തരത്തിലുള്ള ഹരജികൾ പലപ്പോഴും സമൂഹത്തിൽ വൈകാരികത വർധിപ്പിക്കുന്നതിനും വിഷയത്തെ അനാവശ്യമായി പൊതുചർച്ചയിലേക്ക് വലിച്ചിഴക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്നും നിരീക്ഷിച്ചു.
പരാതിക്കാർക്ക് നിയമപരമായി ലഭ്യമായ മറ്റു സംവിധാനങ്ങൾ നിലവിലുണ്ട്. വിഡിയോയോ സാമൂഹ്യമാധ്യമ പോസ്റ്റുകളോ സംബന്ധിച്ച പരാതികൾ പ്രാദേശിക പൊലീസിനോ സൈബർ ക്രൈം വിഭാഗത്തിനോ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കോ നൽകുകയാണ് വേണ്ടത്. ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടുത്താതെ നേരിട്ട് അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതിയെ സമീപിക്കുന്നത് ഉചിതമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അനുച്ഛേദം 32 അടിസ്ഥാനാവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള അസാധാരണ ഭരണഘടനാപരമായ പരിഹാര മാർഗമാണ്. മറ്റു നിയമപരമായ പരിഹാരങ്ങൾ ലഭ്യമായ സാഹചര്യങ്ങളിൽ അത് ആദ്യവഴിയായി ഉപയോഗിക്കേണ്ടതല്ല. പരാതി ഉന്നയിക്കുന്നവർ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചാൽ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ സംവിധാനങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.
ഈ നിരീക്ഷണങ്ങളോടെയാണ് ഹരജി സുപ്രീംകോടതി തള്ളിയത്. കേസിലെ പരാതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് കോടതി പ്രത്യേകം അഭിപ്രായം രേഖപ്പെടുത്തിയില്ല. പകരം, ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രസംഗം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി ഹരജികളിൽ, അന്വേഷണം നടത്തേണ്ടത് പൊലീസിന്റെയും ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെയും ഉത്തരവാദിത്തമാണെന്ന് നേരത്തേയും സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ട്. ഒരു കേസിലും നേരിട്ട് ഇടപെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.