പ്രതീകാത്മക ചിത്രം

‘ഒരു ദിവസം നാം 21,000 തവണ ശ്വസിക്കുന്നു’: എയർ പ്യൂരിഫയറിന് ജി.എസ്.ടി കുറയ്ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോടതി

ന്യൂ ഡൽഹി: എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്തിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈകോടതി. ഒരു ദിവസം 21,000 തവണ നമ്മൾ ശ്വസിക്കുന്നുണ്ടെന്നും വായു മലിനീകരണം അതിഗുരുതരമായി തുടരുന്ന നിലവിലെ സാഹചര്യത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കണക്കുകൂട്ടിനോക്കാനും കോടതി പറഞ്ഞു. എയർ പ്യൂരിഫയറുകൾക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നത് എന്തുകൊണ്ടാണെന്നും നികുതി ഉടനടി കുറയ്ക്കാൻ കഴിയാത്തതിന്‍റെ കാരണം വിശദീകരിക്കാനും ബുധനാഴ്ച കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളായി പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി കേന്ദ്രത്തെ വിമർശിച്ചത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഷയത്തിൽ പ്രതികരിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാറിന്‍റെ അഭ്യർഥനയും ബെഞ്ച് എതിർത്തു. ആയിരക്കണക്കിന് ആളുകൾ മരിക്കുമ്പോൾ എന്തിനാണ് കൂടുതൽ സമയമെന്നായിരുന്നു കോടതിയുടെ ചോദ്യം. "ഈ നഗരത്തിലെ ഓരോ പൗരനും ശുദ്ധവായു ആവശ്യമാണ്. നിങ്ങൾക്ക് അത് നൽകാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അവർക്ക് എയർ പ്യൂരിഫയറുകൾ ലഭ്യമാക്കുക എന്നതാണ്"- കോടതി പറഞ്ഞു.

ഇത്തരമൊരു അടിയന്തര ഘട്ടത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരം താൽക്കാലിക നടപടിയായി അമിത നികുതി ഒഴിവാക്കാൻ കഴിയാത്തത് എന്തുകൊണ്ടാമെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ഇന്നുതന്നെ തീരുമാനം എടുക്കാനും അത് കോടതിയിൽ വിശദീകരിക്കാനും ബെഞ്ച് സർക്കാർ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണം കണക്കിലെടുത്ത് എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണങ്ങളായി തരംതിരിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കപിൽ മദൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

അങ്ങേയറ്റം അടിയന്തര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എയർ പ്യൂരിഫയറുകളെ ആഡംബര വസ്തുക്കളായി കണക്കാക്കാൻ കഴിയില്ലെന്നും ആരോഗ്യത്തിനും അതിജീവനത്തിനും ശുദ്ധമായ വായുവിന്‍റെ ലഭ്യത അനിവാര്യമായി മാറിയിരിക്കുന്നുവെന്നും ഹരജിയിൽ വാദിക്കുന്നു. ശുദ്ധവായു ഉറപ്പുവരുത്തുന്ന ഉപകരണങ്ങളെ ജി.എസ്.ടി യുടെ ഉയർന്ന സ്ലാബിൽ ഉൾപ്പെടുത്തുന്നത് ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിനും സാമ്പത്തികമായി താങ്ങാൻ കഴിയില്ല. അതിനാൽ സർക്കാർ നടപടി ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹരജിയിൽ പറയുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ എയർ പ്യൂരിഫയറിന്‍റെ ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. 

Tags:    
News Summary - High Court strongly criticizes the central government's move to impose higher GST on air purifiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.