ഡൽഹി ഹൈകോടതി
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവേളയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കും കൃത്യവിലോപം കാണിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയിൽ പൊയ്ക്കൂടേ എന്ന് ഡൽഹി ഹൈകോടതി ചോദിച്ചു. കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേസ് വർമ, അഭയ് വർമ എന്നിവർക്കെതിരെയും, നടപടിയെടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടപ്പോഴാണ് ഡൽഹി ഹൈകോടതി ഈ ചോദ്യമുന്നയിച്ചത്. തുടർന്ന്, വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ രാഷ്‍ട്രീയക്കാർക്കും, കൃത്യവിലോപം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹരജികൾ ഡിസംബർ 11ന് പരിഗണിക്കാനായി മാറ്റി.
ഇതേ വിഷയത്തിൽ കേസ് പരിഗണനയിലുള്ള സുപ്രീംകോടതിയെ എന്തുകൊണ്ടാണ് സമീപിക്കാത്തതെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരിയും മനോജ് ജെയിനുമടങ്ങിയ ഡിവിഷൻ ബെഞ്ച് ഹരജിക്കാരോട് ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെയും, നിഷ്ക്രിയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹരജിക്കാരിലൊരാളായ ശൈഖ് മുജ്‍തബക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസാണ് ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയിൽ നിന്നോ ഡൽഹി ഹൈകോടതിയിൽ നിന്നോ വിരമിച്ച ജഡ്‍ജി അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘം ഈ കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. സി.പി.എം നേതാവ് വൃന്ദ കാരാട്ട് ഇതേ ആവശ്യം ഉന്നയിച്ച് ഫയൽ ചെയ്ത ഹരജി മജിസ്ട്രേട്ട് തള്ളിയെന്നും, അതിനെതിര സമർപ്പിച്ച അപ്പീൽ ഹൈകോടതി സിംഗിൾ ബെഞ്ചും തള്ളിയതാണെന്നുമാണ് ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചത്.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച ഉമർ ഖാലിദും ഗുൽഫിഷ ഫാത്തിമയും മീരാൻ ഹൈദറും ശിഫാഉർറഹ്മാനും ശർജീൽ ഇമാമും രാജ്യത്ത് ബംഗ്ലാദേശ്, നേപ്പാൾ മോഡൽ ഭരണമാറ്റത്തിന് ശ്രമിച്ചെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ വാദിച്ചു. 2020ലെ ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചന സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ഇവരുടെ ജാമ്യ ഹരജികളിൽ പ്രതിവാദം നവംബർ 24ന് നടക്കും.
ഭരണഘടനയോട് ആദരവ് കാട്ടാത്ത പ്രതികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയപ്പോൾ കുറുവടികളും ആസിഡ് കുപ്പികളും കൈത്തോക്കുകളുമായാണ് എത്തിയതെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അൻജാരിയയും അടങ്ങിയ ബെഞ്ച് മുമ്പാകെ എസ്.വി. രാജു തുടർന്നു. കൊലപാതകവും ഭീകരാക്രമണവും നടത്താനുള്ള ഗൂഢാലോചനയാണ് നടന്നത്. വിചാരണ വൈകുന്നുവെന്ന കാരണത്താൽ ജാമ്യം അനുവദിക്കരുതെന്നും, പ്രോസിക്യൂഷന്‍റെ കുഴപ്പംകൊണ്ടല്ല പ്രതികളുടെ കുഴപ്പംകൊണ്ടാണ് വിചാരണ വൈകുന്നതെന്നും അദ്ദേഹം വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.