ബംഗാളിൽ അഞ്ചുലക്ഷം ഒ.ബി.സി സർട്ടിഫിക്കറ്റുകൾ ഹൈകോടതി റദ്ദാക്കി

കൊൽക്കത്ത: സംസ്ഥാന സർക്കാർ ജോലികളിലെ നിയമനത്തിന് പശ്ചിമ ബംഗാളിൽ 2011 മുതൽ അനുവദിച്ച എല്ലാ ഒ.ബി.സി സർട്ടിഫിക്കറ്റുകളും കൽക്കത്ത ഹൈകോടതി റദ്ദാക്കി. സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. അഞ്ച് ലക്ഷത്തോളം സർട്ടിഫിക്കറ്റുകളാണ് ഹൈകോടതി ഉത്തരവിലൂടെ റദ്ദായത്. അതേസമയം, 2012ലെ നിയമപ്രകാരം സംവരണാനുകൂല്യം ലഭിച്ചവർക്കും നിയമനപ്രക്രിയയിൽ വിജയിച്ചവർക്കും ഉത്തരവ് ബാധകമല്ലെന്നും ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തി, രാജശേഖർ മാന്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2012ലെ പശ്ചിമ ബംഗാൾ പിന്നാക്കവിഭാഗ നിയമപ്രകാരം വിവിധ വിഭാഗങ്ങൾക്ക് ഒ.ബി.സി പദവി അനുവദിച്ചതിനെതിരായ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഈ വിഭാഗങ്ങൾക്ക് ഒ.ബി.സി പദവി നൽകിയത് നിയമവിരുദ്ധമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 1993ലെ പശ്ചിമ ബംഗാൾ മറ്റ് പിന്നാക്കവിഭാഗ നിയമപ്രകാരം പുതിയ ഒ.ബി.സി വിഭാഗങ്ങളുടെ പുതിയ പട്ടിക തയാറാക്കാനും കോടതി സർക്കാറിന് നിർദേശം നൽകി.

അതേസമയം, ഹൈകോടതി വിധി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സർവേ നടത്തിയാണ് വിവിധ വിഭാഗങ്ങൾക്ക് ഒ.ബി.സി പദവി അനുവദിച്ചതെന്നും സംവരണം തുടരുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - High Court cancels 500,000 OBC certificates in Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.