സാഹിബ്ഗഞ്ച്: പ്രതിപക്ഷമായ ഇൻഡ്യ സഖ്യം രാജ്യത്തുടനീളം ബി.ജെ.പിയെ തുരത്തുമെന്നും ‘ഫ്യൂഡൽ’ ശക്തികൾക്കെതിരെ ‘കലാപം’ പ്രഖ്യാപിക്കുകയാണെന്നും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. താൻ ജയിലിൽനിന്ന് വന്നതോടെ ബി.ജെ.പി പരിഭ്രാന്തിയിലാണെന്നും നേതാക്കൾ തനിക്കെതിരെ വീണ്ടും ഗൂഢാലോചന നടത്തുകയാണെന്നും ‘ഹുൽ ദിവസി’നോടനുബന്ധിച്ച് നടന്ന റാലിയിൽ സോറൻ പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരായ 1855ലെ സന്താൽ കലാപവുമായി ബന്ധപ്പെട്ട ദിവസമാണ് ഹുൽ ദിവസ്. ബ്രിട്ടീഷുകാർക്കെതിരായ സന്താൽ കലാപം പോലെ രാജ്യത്തുടനീളമുള്ള ഫ്യൂഡൽ ശക്തികളെ തുരത്താൻ താൻ ‘ഹുൽ കലാപം’ പ്രഖ്യാപിക്കുകയാണെന്ന് സോറൻ പറഞ്ഞു.
തന്നെ കള്ളക്കേസിൽ കുടുക്കിയ കേന്ദ്രസർക്കാർ അതിനെതിരെ ശബ്ദമുയർത്തുന്നവരെ ഉപദ്രവിക്കാൻ അന്വേഷണ ഏജൻസികളെ അഴിച്ചുവിടുകയാണ്. ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ട് രണ്ടുദിവസമാകുമ്പോഴേക്കും ബി.ജെ.പിയുടെ ഉന്നത നേതാക്കൾ സംസ്ഥാനത്ത് വീണ്ടും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും സോറൻ ആരോപിച്ചു.
ഝാർഖണ്ഡ് വിപ്ലവകാരികളുടെ നാടാണെന്നും ജയിലിനെയോ ലാത്തിയെയോ വധശിക്ഷയെയോ ഭയപ്പെടുന്നില്ലെന്നും ജെ.എം.എം നേതാവ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചതിനെതുടർന്ന് ബിർസ മുണ്ട ജയിലിൽനിന്ന് വെള്ളിയാഴ്ചയാണ് ഹേമന്ദ് സോറൻ പുറത്തിറങ്ങിയത്. ജനുവരി 31നാണ് ഇദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.