കനത്ത മഴ; നാഗ്പൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

നാഗ്പൂർ: വെള്ളിയാഴ്ച അർധരാത്രി മുതലുള്ള മഴയിൽ നാഗ്പൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് നാഗ്പൂർ വിമാനത്താവളത്തിൽ രാവിലെ 5.30 വരെ 106 മില്ലിമീറ്റർ മഴ ലഭിച്ചു. നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായതായും മുൻകരുതൽ നടപടിയുടെ ഭാഗമായി സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.

നാഗ്പൂരിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നഗരത്തിലെ മഴക്കെടുതി തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് എക്‌സിലേക്ക് പങ്കുവെച്ചു. ഇടവിടാതെ പെയ്യുന്ന മഴ കാരണം അംബസാരി തടാകം കരകവിഞ്ഞൊഴുകുകയാണ്. ചുറ്റുപാടുമുള്ള താഴ്ന്ന പ്രദേശങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ആളുകൾ ഇനിയും പലയിടത്തും കുടുങ്ങികിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഇതുവരെ 25 പേരെ എൻ.ഡി.ആർ.എഫ് രക്ഷപ്പെടുത്തിയെന്നും സുരക്ഷാപ്രവർത്തകർ വ്യക്തമാക്കി.

പ്രദേശിക ഭരണകൂടം പല വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും ആളുകളെ നഗരത്തിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായതിനാൽ പ്രധാനപ്പെട്ട ജോലികൾക്കല്ലാതെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു. നാഗ്പൂർ, ഭണ്ഡാര, ഗോണ്ടിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) നാഗ്പൂർ കേന്ദ്രം അറിയിച്ചു. വാർധയിലെ പല സ്ഥലങ്ങളിലും ചന്ദ്രപൂർ, ഭണ്ഡാര, ഗോണ്ടിയ ജില്ലകളിലെ ചില ഭാഗങ്ങളിലും അമരാവതി, യവത്മാൽ, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Tags:    
News Summary - heavy rain; Nagpur's low-lying areas under waterb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.