എച്ച്.ഡി. രേവണ്ണ 

ലൈംഗികാരോപണ കേസ്: എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി

ബംഗളൂരു: ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 14 വരെ നീട്ടി. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തത്. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് ദിവസത്തിനു ശേഷം രേവണ്ണയുടെ പേഴ്സനൽ അസിസ്റ്റന്റായ രാജ്ശേഖറിന്റെ ഫാംഹൗസിലാണ് ഇവരെ കണ്ടെത്തിയത്. പിന്നാലെ പരാതി നൽകുകയും എസ്.ഐ.ടി അറസ്റ്റു ചെയ്യുകയുമായിരുന്നു. 60കാരിയായ സ്ത്രീ, രേവണ്ണയുടെ മകനും ഹാസൻ എം.പിയുമായ പ്രജ്വൽ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് ഹാസനിൽ വോട്ടെടുപ്പ് നടന്നതിനു പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഹാസൻ ഉൾപ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിന‌് ഏതാനും ദിവസങ്ങൾക്കു മുൻപാണ് എൻഡിഎ സ്ഥാനാർഥിയായ പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചത്. വിഡിയോകൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ മണ്ഡലത്തിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ ഉൾപ്പെടെ അജ്ഞാതർ വിതറുകയായിരുന്നു. ഇരുന്നൂറോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ ചിത്രീകരിച്ചതാണെന്നും പ്രചാരണമുണ്ടായി. 

Tags:    
News Summary - HD Revanna's judicial custody extended till May 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.