എസ്.ജെ 100 വിമാനം, എച്ച്.എ.എൽ-യു.എ.സി ധാരണാ പത്രത്തിൽ ഒപ്പിടുന്നു (ഇൻസൈറ്റിൽ)
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻചുവടുവെപ്പായി റഷ്യയുടെ എസ്.ജെ 100 യാത്രാ വിമാനങ്ങളിൽ തദ്ദേശീയമായി നിർമിക്കാൻ ധാരണ. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ), റഷ്യൻ കമ്പനിയായ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനുമായി (യു.എ.സി) ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചു.
ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി എസ്.ജെ 100 മോഡൽ യാത്രാ വിമാനങ്ങൾ പ്രാദേശികമായി നിർമിക്കാനാണ് ധാരണയിലെത്തുന്നത്.
ആഭ്യന്തര വ്യോമയാനം വിപുലമാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായിട്ടാണ് കരാർ. പത്ത് വർഷത്തിനുള്ളിൽ 200 വിമാനങ്ങൾ ആഭ്യന്തര സർവിസിനും 350 എണ്ണം അന്താരാഷ്ട്ര സർവിസിനും ആവശ്യമായിവരുന്ന പശ്ചാത്തലത്തിൽ റഷ്യൻ സഹയാത്തോടെ തദ്ദേശീയ നിർമാണം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
യൂറോപ്യൻ പങ്കാളികളുമായി ചേർന്ന് റഷ്യൻ വികസിപ്പിച്ചെടുത്ത ഇരട്ട എഞ്ചിൻ നാരോ ബോഡി എയർക്രാഫ്റ്റാണ് സുഖോയ് സൂപ്പർ ജെറ്റ് 100. 2007 മുതൽ നിർമിച്ച 200ഓളം വിമാനങ്ങൾ നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 വിമാനകമ്പനികൾ ഉപയോഗിക്കുന്നുണ്ട്.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ ഉപരോധം വിമാനഭാഗങ്ങളുടെ ഇറക്കുമതിക്ക് തിരിച്ചടിയായിരുന്നു. ഇതോടെ എസ്.എസ്.ജെ പുതിയ പതിപ്പ് വികസിപ്പിക്കാൻ റഷ്യയെ നിർബന്ധിതമാക്കുകയും ചെയ്തു.
1988ൽ ബ്രിട്ടീഷ് വിമാനകമ്പനിയായ അവ്റോ എച്ച്.എസ് 748 നിർമിച്ച ശേഷം ആദ്യമായി ഇന്ത്യൻ മണ്ണിൽ യാത്രാ വിമാന നിർമാണത്തിനുള്ള അവസരമാണ് എച്ച്.എ.എല്ലിനെ തേടിയെത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യത്തിനായിരുന്നു അവ്റോ എച്ച്.എസ് 748 ഉപയോഗിച്ചത്.
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണ് എസ്.ജെ 100 വിമാന നിർമാണത്തിനായുള്ള കരാറെന്ന് എച്ച്.എ.എൽ പറഞ്ഞു. വ്യോമയാന മേഖലയിലെ ആത്മനിർഭർ ഭാരത് സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരം കൂടിയാണിതെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും 3530 കിലോമീറ്റര്‍ ദൂരംവരെ പറക്കാനും ശേഷിയുള്ളതാണ് എസ്.ജെ 100 വിമാനമെന്ന് യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷൻ വെബ്സൈറ്റ് വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള കാലാവസ്ഥാ മേഖലകളിലും പറക്കാനും ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.