ന്യൂഡൽഹി: അടുത്ത ഹജ്ജ് തീർഥാടന അപേക്ഷ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനിലായിരിക്കുമെന്നും ഒക്ടോബർ 10 മുതൽ നടപടി ആരംഭിക്കുമെന്നും ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. 2020ൽ രാജ്യത്തെ രണ്ടുലക്ഷം ഹജ്ജ് തീർഥാടകർക്കായി 22 എംബാർകേഷൻ പോയൻറുകളുണ്ടാക്കും.
ആന്ധ്രപ്രദേശിലെ വിജയവാഡയാണ് പുതിയ എംബാർകേഷൻ പോയൻറ്. കേരളത്തിലെ കണ്ണൂരിൽ ഹജ്ജിന് പുതിയ എംബാർക്കേഷൻ പോയിൻറ് അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ അേപക്ഷ പരിശോധിക്കുമെന്നും നഖ്വി അറിയിച്ചു. കഴിഞ്ഞ തീർഥാടനവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടകർക്ക് ഇ-വിസ നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 10 മുതൽ നവംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം. മൊബൈൽ ആപ് വഴിയും അപേക്ഷ നൽകാം. ഹജ്ജ് ഗ്രൂപ് സംഘടനകൾക്ക് ഓൺലൈനിലൂടെ നവംബർ ഒന്നുമുതൽ ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.
ഹജ്ജ് തീർഥാടകർക്കുള്ള ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചതോടെ 2019ലെ തീർഥാടകർ 113 കോടി രൂപ ലാഭിച്ചതായും മന്ത്രി വിശദീകരിച്ചു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ശൈഖ് ജിന്ന നബി, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഔസുഫ് സഈദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.