ബംഗളൂരു: ബിഹാറിൽ ജെ.ഡി.യു മഹാസഖ്യവുമായി ചേർന്ന് അധികാരം പിടിച്ചതിന് പിന്നാലെ ജനതാദൾ ഒന്നിച്ച് നിന്നിരുന്ന കാലത്തെ പരാമർശിച്ച് മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ. ബിഹാറിലെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നെന്നും അവിടുത്തെ ഭിന്നിപ്പുകൾ കണ്ടപ്പോൾ ജനതാദൾ ഒരുമിച്ച് നിന്ന കാലത്തെ കുറിച്ച് ഓർത്തുപോയി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അക്കാലത്ത് ജനതാദളിൽ നിന്ന് മൂന്ന് പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. ചെറുപ്പക്കാർ വിചാരിച്ചാൽ രാജ്യത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും ദേവഗൗഡ ട്വിറ്ററിൽ കുറിച്ചു. 1996 ജൂൺ ഒന്ന് മുതൽ 1997 ഏപ്രിൽ 21 വരെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ രാജ്യത്തെ 11ാമത്തെ പ്രധാനമന്ത്രിയും കർണാടകയിലെ 14ാമത്തെ മുഖ്യമന്ത്രിയുമായിരുന്നു.
ബിഹാറിൽ ജനതാദൾ(യു) ബി.ജെ.പിയുമായുള്ള സഖ്യമവസാനിപ്പിക്കുകയും ചൊവ്വാഴ്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായി തുടർന്നിരുന്ന സഖ്യം അവസാനിപ്പിച്ചാൽ ജനതാദൾ-യുവിനെ സ്വാഗതം ചെയ്യുമെന്ന് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ വ്യക്തമാക്കിയിരുന്നു. രാജിക്ക് പിന്നാലെ ആർ.ജെ.ഡിയും കോൺഗ്രസുമായി ചേർന്ന് പുതിയ സഖ്യവും ജെ.ഡി.യു രുപവത്കരിച്ചു.
ഇന്നലെ പട്നയിൽ വെച്ച് ഗവർണർ ഫാഗു ചൗഹാനെക്കണ്ട് നിതീഷ് രാജി നൽകിയിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും ബി.ജെ.പിയുടെ പിൻസീറ്റ് ഭരണവും സഖ്യം വിടുന്നതിലേക്ക് നയിച്ചുവെന്നാണ് സൂചന. ജെ.ഡി.യുവിനെ പിളർത്തി ബിഹാറിൽ ഒറ്റക്ക് അധികാരത്തിലെത്താനുള്ള നീക്കങ്ങൾക്ക് ബി.ജെ.പി തുടക്കമിട്ടതും നിതീഷ് കുമാറിന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നുവെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.