റയാൻ സ്കൂൾ കൊലപാതകം: പ്ലസ്ടു വിദ്യാർഥി പിടിയിൽ

ന്യൂഡൽഹി: ഗുഡ്ഗാവ് റയാൻ ഇന്‍റർനാഷ്ണൽ സ്കൂളിലെ വിദ്യാർഥി പ്രദ്യുമൻ താക്കൂറിന്‍റെ കൊലപാതകത്തിൽ  സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രദ്യുമന്‍റെ മൃതദേഹം ആദ്യം കണ്ടെത്തിയ വിദ്യാർഥിയെ പൊലീസ് പിടി കൂടിയത്. പരീക്ഷകളും പി.ടി.എ മീറ്റിങ്ങും മാറ്റിവെക്കാനാണ് പ്ളസ് ടു വിദ്യാർഥി കൃത്യം ചെയ്തതെന്നാണ് സി.ബി.ഐ സംശയിക്കുന്നത്.

കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടർ കുറ്റം ഏറ്റു പറഞ്ഞെന്ന പൊലീസ് അവകാശ വാദത്തിനിടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. ലൈഗിംക പീഡന ശ്രമത്തിനിടയെയായിരുന്നു കൊലപാതകം സംഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ലൈംഗിക പീഡന ശ്രമം പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ന് സി.ബി.ഐ വാർത്താ സമ്മേളനം നടത്തിയത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കും.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. പഠനത്തിൽ പുറകിലായിരുന്ന പ്ളസ് വൺ വിദ്യാർഥി പരീക്ഷ മാറ്റിവെക്കുമെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് പ്രേരണയായതെന്നാണ് സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ സംഭവത്തിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്ക് ക്ളീൻ ചിറ്റ് നൽകാനും പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രദ്യുമൻ കൊല്ലപ്പെട്ട ടോയ് ലറ്റിന്‍റെ ചുമരിൽ നിന്നും തറയിൽ നിന്നും രക്തം മായ്ക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായി സി.ബി.ഐ നേരത്തേ ആരോപിച്ചിരുന്നു.

എന്നാൽ, അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവ് ആരോപണം നിഷേധിച്ചു. തന്‍റെ മകന് കൊലപാതകത്തിൽ പങ്കില്ലെന്നും നിർബന്ധിച്ചാണ് കുട്ടിയെ കുറ്റം സമ്മതിപ്പിച്ചതെന്നും പിതാവ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടത്  തോട്ടക്കാരനെയും അധ്യാപകരെയും അറിയിക്കുക മാത്രമാണ് തന്‍റെ മകൻ ചെയ്തത്. തങ്ങൾ എല്ലാ നിലക്കും അന്വേഷണത്തോട് സഹകരിച്ചിരുന്നു. എന്നിട്ടും തലേന്ന് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയ മകനെ സി.ബി.ഐ കുടുക്കുകയായിരുന്നുവെന്നും വിദ്യാർഥിയുടെ പിതാവ്  പറഞ്ഞു.

പ്രദ്യുമൻ താക്കൂറിന്‍റെ മരണത്തെ തുടർന്ന് സ്കൂളിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.  കേസിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രദ്യുമന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.

Tags:    
News Summary - Gurgaon Schoolboy Murder: Class 11 Student Detained By CBI, Say Sources-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.