ന്യൂഡൽഹി: പതിനാറുവർഷത്തെ ജയിൽജീവിതത്തിനുശേഷം ഗുൽസാർ അഹ്മദ് വാനി സ്വാതന്ത്ര്യത്തിലേക്ക്. 2000ത്തിലെ സബർമതി എക്സ്പ്രസ് സ്ഫോടനക്കേസിൽ, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഗവേഷകവിദ്യാർഥിയായിരുന്ന ഗുൽസാർ അഹ്മദ് വാനിയെ ഉത്തർപ്രദേശ് കോടതി ശനിയാഴ്ച വെറുതെവിട്ടു.
ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിചേർക്കപ്പെട്ട 43കാരനായ വാനിയെ ബരാബങ്കി അഡീഷനൽ സെഷൻസ് ജഡ്ജി എം.എ. ഖാനാണ് മതിയായ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്. കേസിലെ മറ്റൊരു പ്രതി മുബീനെയും വിട്ടയച്ചതായി വാനിയുടെ അഭിഭാഷകൻ എം.എസ്. ഖാൻ പറഞ്ഞു.
ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്നും സബർമതി ട്രെയിനിലെ സ്ഫോടനം ആസൂത്രണം ചെയ്തെന്നും ആരോപിച്ച് ശ്രീനഗർ പീപാർകരി സ്വദേശിയായ വാനിയെ 2001 ജൂലൈ 30നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ലഖ്നോ ജയിലിൽ അടച്ചു. ഇൗസമയത്ത് 28കാരനായിരുന്ന ഇദ്ദേഹം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അറബിക് വിഭാഗത്തിൽ പിഎച്ച്.ഡി വിദ്യാർഥിയായിരുന്നു. സ്ഫോടനം നടത്താൻ 2000 മേയിൽ അലീഗഢ് യൂനിവേഴ്സിറ്റിയിലെ ഹബീബ്ഹാളിൽ ഗൂഢാലോചന നടത്തിയെന്നാണ് 2001 ജൂലൈയിൽ തയാറാക്കിയ കുറ്റപത്രം.
ഇതിെൻറ അടിസ്ഥാനത്തിൽ അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ആഗസ്റ്റ് 26ന് വാനിക്ക് ജാമ്യം നിഷേധിച്ചു. ഇദ്ദേഹത്തെ പോലുള്ള വ്യക്തികളെ പുറത്തുവിടുന്നത് സമൂഹതാൽപര്യത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിനെതിരെ വാനി സുപ്രീംകോടതിയെ സമീപിച്ചു. 2000 ആഗസ്റ്റ് 14ന് ലഖ്നോവിൽനിന്ന് 25 കിലോമീറ്റർ അകലെ ബരാബങ്കി ജില്ലയിലാണ് ട്രെയിനിൽ സ്ഫോടനമുണ്ടായത്. ഒമ്പതുപേർ മരിച്ചതിനുപുറമെ പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസഫർപുറിൽനിന്ന് അഹ്മദാബാദിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
ബരാബങ്കിയിലെ ജി.ആർ.പി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊലപാതകം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം, ആയുധങ്ങൾ ശേഖരിക്കൽ, രാജ്യത്തിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ത്യൻ റെയിൽവേ നിയമം, സ്ഫോടകവസ്തു നിയമം എന്നിവപ്രകാരവും കുറ്റങ്ങളുണ്ടായിരുന്നു. എന്നാൽ, വാനിക്കും മുബീനുമെതിരായ ഒരു കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.
മറ്റു 10 കേസുകളിൽകൂടി വാനി പ്രതിചേർക്കപ്പെെട്ടങ്കിലും ഒന്നൊഴികെ ബാക്കിയെല്ലാ കേസുകളിലും കുറ്റമുക്തനായി. ഡൽഹിയിൽ സ്ഫോടനം നടത്താൻ സ്ഫോടകവസ്തുക്കൾ ശേഖരിച്ചെന്ന കേസിൽ 10 വർഷം ശിക്ഷ വിധിക്കപ്പെെട്ടങ്കിലും ഡൽഹി ഹൈകോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. വാനിക്കെതിരായ തെളിവുകൾ ഉടൻ പരിശോധിക്കണമെന്നും നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞവർഷം നിർദേശിച്ചിരുന്നു.
ആകെയുള്ള 11 കേസുകളിൽ ഒമ്പതിലും കുറ്റമുക്തനായിട്ടും 16 വർഷമായി ജയിലിൽ പാർപ്പിച്ചതിനെ ഇക്കഴിഞ്ഞ ഏപ്രിലിൽ പരമോന്നതകോടതി നിശിതമായി വിമർശിച്ചു. മാത്രമല്ല, ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിെൻറ വിചാരണ തീർന്നാലും ഇല്ലെങ്കിലും നിബന്ധനകൾക്ക് വിധേയമായി നവംബർ ഒന്നിന് ജയിൽ മോചിതനാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്നാണ് സബർമതി കേസിൽ വിധിപ്രഖ്യാപനം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.