അമ്മയുടെ അന്ത്യകർമ്മങ്ങൾക്കായി 36 മണിക്കൂർ യാത്ര ചെയ്ത് മകനെത്തി, മൃതദേഹത്തിനായി മോർച്ചറിയിലെത്തിയപ്പോൾ ലഭിച്ചത് പുരുഷന്‍റെ മൃതദേഹം

ഗുജറാത്ത്: വിദേശത്തുള്ള മകൻ എത്തുന്നതുവരെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനേൽപിച്ച സ്ത്രീയുടെ മൃതദേഹം മറ്റൊരു കുടുംബത്തിന് മാറി നൽകി. അഹമ്മദാബാദിലെ ഒരു ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന വയോധികയുടെ മൃതദേഹമാണ് മറ്റൊരു കുടുംബത്തിന് മാറിനൽകിയത്. മൃതദേഹം മാറി ലഭിച്ച കുടുംബമാവട്ടെ അന്ത്യകർമങ്ങൾ നടത്തിയ ശേഷമാണ് 'ആളു മാറിയ' വിവരം അറിയുന്നത്.

വി.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ലേഖബെൻ ചന്ദ് (65) എന്ന സ്ത്രീയുടെ മൃതദേഹമാണ് മാറി നൽകിയത്. ഇവരുടെ മകൻ കാനഡയിൽ നിന്ന് അന്ത്യകർമങ്ങൾക്കായി നാട്ടിലെത്തുന്നതുവരെ മോർച്ചറിയിൽ സൂക്ഷിച്ചതായിരുന്നു മൃതദേഹം. ഹൃദയാഘാതത്തെ തുടർന്ന് നവംബർ 11നാണ് അവർ മരിച്ചത്.

ഞായറാഴ്ച മകൻ അമിത് ചന്ദ് നാട്ടിലെത്തി അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ മൃതദേഹത്തിന് പകരം വിട്ടുനൽകിയത് പുരുഷന്‍റെ മൃതദേഹമായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം മോർച്ചറിയിൽ കാണുന്നില്ലെന്നും അത് മാറി നൽകിപോയെന്നും മറുപടി ലഭിച്ചു. പരാതിയെതുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം മാറി ലഭിച്ച കുടുംബം അന്ത്യകർമങ്ങൾ നടത്തികഴിഞ്ഞെന്ന് അമിത് ചന്ദ് പറഞ്ഞു. മൃതദേഹങ്ങളുടെ മതിയായ രേഖകളൊന്നും ആശുപത്രിയിൽ അധികൃതർ സൂക്ഷിച്ചിട്ടില്ലെന്നും അമ്മയുടെ മൃതദേഹം സൂക്ഷിക്കാനായി നാല് ദിവസത്തേക്ക് 400 രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടതെന്നും എന്നാൽ അതിന് രേഖകൾ നൽകിയില്ലെന്നും അമിത് ചന്ദ് പറഞ്ഞു.

'അമ്മയുടെ കൈ പിടിച്ച് അവസാനമായി യാത്ര അയക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനായി ഞാൻ ഏകദേശം 36 മണിക്കൂർ യാത്ര നടത്തി. മൃതദേഹത്തിനൊപ്പം ഞങ്ങൾ സമർപ്പിച്ച രേഖകളും ഉദ്യോഗസ്ഥരുടെ പക്കലില്ല. ഞങ്ങൾക്ക് രസീതും നൽകിയിട്ടില്ല. അധികൃതരുടെ പിടിപ്പുകേട് വ്യക്തമാണ്' -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gujarat: Woman’s body in hospital morgue handed over to another family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.