ഗുജറാത്തിലെ യുവതിയുടെ ആത്മഹത്യ; സ്ത്രീധന സമ്പ്രദായത്തിനെതിരെ മൗലാന ഫിരങ്കി മഹലി

അഹമ്മദാബാദ്​: ഗുജറാത്തിൽ സ്​ത്രീധനം ആവശ്യപ്പെട്ട്​ ഭർതൃവീട്ടുകാർ വീട്ടിലേക്ക് തിരിച്ചയച്ച യുവതി സബർമതി നദിയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ദ് ഇസ്ലാമിക് സെന്‍റർ ഒാഫ് ഇന്ത്യ അധ്യക്ഷൻ മൗലാന ഖാലിദ് റാഷിദ് ഫിരങ്കി മഹലി. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് മൗലാന ഫിരങ്കി മഹലി പറഞ്ഞു. നിയമവിരുദ്ധവും വിലക്കപ്പെട്ടതുമായതിനാൽ സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കാൻ എല്ലാ മുസ്‌ലിംകൾക്കുമുള്ള സന്ദേശമാണ് ജീവനൊടുക്കുന്നതിന് മുമ്പ് യുവതി പുറത്തുവിട്ട വീഡിയോ എന്ന് മൗലാന ഫിരങ്കി മഹലി ചൂണ്ടിക്കാട്ടി.

യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ സ്ത്രീധന സമ്പ്രദായത്തെ വിമർശിച്ച് ഓ​ൾ ഇ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച ഉവൈസി, സ്ത്രീധനത്തെ തുടർന്ന് ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് പുരുഷത്വത്തിന്‍റെ ലക്ഷണമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അഹമ്മദാബാദ്​ സ്വദേശിനി ആയിശ ഭാനു ആണ് കഴിഞ്ഞ​ വ്യാഴാഴ്ച സബർമതി നദിയിൽ ചാടി ജീവനൊടുക്കിയത്​. നിറചിരിയുമായി ചിത്രീകരിച്ച​ വിഡിയോ ഭർത്താവിനയച്ച ശേഷമാണ് സബർമതി നദിയിൽ ചാടി 23കാരിയായ യുവതി ജീവനൊടുക്കിയത്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആയിശയുടെ ഭർത്താവ്​ ആരിഫിനെതിരെ ആത്മഹത്യ പ്രേരണക്ക്​ പൊലീസ്​ കേസെടുക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്​തിരുന്നു.

2018 ലായിരുന്നു ഇവർ രാജസ്​ഥാൻ സ്വദേശി ആരിഫ്​ ഖാൻ ഗഫൂർജിയെ വിവാഹം ചെയ്​തത്​. എന്നാൽ, ഭർത്താവ്​ തിരിച്ചയച്ചതിനെ തുടർന്ന്​ 2020 മാർച്ച്​ മാസം മുതൽ ആയിശ മാതാപിതാക്കളോടൊപ്പം അഹമ്മദാബാദിൽ കഴിയുകയായിരുന്നു. ഐ.സി.​െഎ.സി.​െഎ ബാങ്കിൽ ജോലി ചെയ്​തിരുന്ന ആയിശ വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന്​ ജോലിക്കായി പുറത്ത്​ പോയതായിരുന്നു. വൈകീട്ട്​ 4.30 ഒാടെ പിതാവ്​ ലിയാഖത്ത്​ അലിയെ വിളിച്ച്​ ജീവനൊടുക്കുന്ന വിവരം അറിയിക്കുകയായിരുന്നത്രെ. വ്യാഴാഴ്ച തന്നെ നദിയിൽ നിന്ന്​ ആയിശയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

സ്​ത്രീധനമാവശ്യപ്പെട്ട്​ നേരത്തെയും ഭർതൃവീട്ടുകാർ ആയിശയെ തിരിച്ചയച്ചിരുന്നു​െവന്ന്​ പിതാവ്​ ലിയാഖത്ത്​ പറയുന്നു. ഒാരോ തവണയും അവർ ആവശ്യ​പ്പെട്ട പണം താൻ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി 2020 ജനുവരിയിൽ 2.5 ലക്ഷം രൂപ കൈപറ്റിയ ശേഷമാണ്​ ആയിശയെ ഭർത്താവ്​ ആരിഫ്​ വീട്ടിലേക്ക്​ കൊണ്ടുപോയത്. എന്നാൽ, മാർച്ചിൽ ആയിശയെ അയാൾ വീണ്ടും അഹമ്മദാബാദിലെ വീട്ടിലേക്ക്​ തിരിച്ചയക്കുകയായിരുന്നു. ശേഷം, അയാൾ ഒന്നു ഫോണിൽ വിളിക്കുക പോലും ​ചെയ്യാത്തതിൽ ആയിശ ഏറെ വിഷമിച്ചിരുന്നുവെന്നും പിതാവ്​ ലിയാഖത്ത്​ പറഞ്ഞു.

'ഞാന്‍ ഈ ചെയ്യാന്‍ പോകുന്നത് എന്‍റെ തീരുമാനമാണ്. ഇതിനുപിന്നില്‍ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കുന്നു. ദൈവത്തെ കാണാന്‍ പോകുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്‍റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും. ഇപ്പോള്‍ ഞാനൊരു കാര്യം പഠിച്ചു. പ്രണയമെന്നാൽ അത് രണ്ടു പേരുടെയും പരസ്​പര സ്‌നേഹമാണ്​. ഒരാള്‍ മാത്രം സ്‌നേഹിച്ചാല്‍ ഒന്നും നേടാനാകില്ല. ഞാന്‍ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാന്‍ ഏറെ സന്തോഷത്തിലാണ്. നിങ്ങൾ എന്നെ പ്രാര്‍ഥനയില്‍ ഓര്‍ക്കണം. സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാന്‍ പോവുകയെന്ന് എനിക്കറിയില്ല…'- ഭർത്താവിനും പിതാവിനും അയച്ചു കൊടുത്ത വിഡി​യോയിൽ ആയിശ പറയുന്നു.

Tags:    
News Summary - Gujarat suicide: 'End the dowry system!' leaders speak up after clip goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.