അഹമ്മദാബാദ്: ഭഗവത്ഗീത പഠിപ്പിക്കാൻ സപ്ലിമെന്ററി ടെക്സ്റ്റ്ബുക്കുമായി ഗുജറാത്ത് സർക്കാർ. ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് പുസ്തകം പുറത്തിറക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഈ പുസ്തകം വിദ്യാർഥികൾക്കായി ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും വിജ്ഞാന സമ്പ്രദായങ്ങളെയും കുറിച്ച് അറിവ് നൽകുന്നതിനാണ് പുതിയ പുസ്തകം പുറത്തിറക്കിയതെന്നാണ് സർക്കാറിന്റെ വിശദീകരണം.
കേന്ദ്രസർക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് പുസ്തകമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫുൽ പൻഷെരിയ പറഞ്ഞു. എക്സിലൂടെയാണ് പുതിയ പുസ്തകം പുറത്തിറക്കുന്ന വിവരം വിദ്യാഭ്യാസമന്ത്രി അറിയിച്ചത്. വിഭ്യാർഥികളിൽ അഭിമാനമുണ്ടാക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തത്. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യവുമായ സംസ്കാരത്തെ കുറിച്ച് അറിവ് ലഭിക്കാൻ ഭഗവത്ഗീത പഠിപ്പിക്കുന്നത് സഹായിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
ഗീതജയന്തി ദിനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. വൈകാതെ തന്നെ പുസ്തകം കുട്ടികൾക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ മറ്റ് രണ്ട് ഭാഗങ്ങൾ കൂടി ഉടൻ പുറത്തിറക്കുമെന്നും ഇത് ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയായിരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.