വഡോദര: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും ബംഗാളിൽ നിന്നുള്ള പാർലമെന്റംഗവുമായ യൂസഫ് പത്താൻ വഡോദരയിലെ വീടിനോടു ചേർന്നു കിടക്കുന്ന ഭൂമി അനധികൃതമായി കൈവശം വെച്ചതായി ഗുജറാത്ത് ഹൈകോടതി കണ്ടെത്തി.
വഡോദരയിലെ 978 സ്ക്വയർ മീറ്റർ ഭൂമിയി അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി കാട്ടി വഡോദര മുനിസിപ്പൽ കോർപറേഷൻ നൽകിയ നോട്ടീസിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോഴാണ് യുസഫ് പത്താൻ കുറ്റക്കാരനാണെന്നും ഭൂമി അനധികൃതായി കൈവശം വെച്ചിരിക്കുകയാണെന്നും കോടതി കണ്ടെത്തുന്നത്.
2012 ൽ പത്താൻ വഡോദര മുനിസിപ്പൽ കോർപറേഷനെ ഈ പ്ലോട്ടിനായി സമീപിച്ചിരുന്നു. അന്ന് സ്ക്വയർ മീറ്ററിന് 57, 270 രുപയാണ് കോർപറേഷൻ വിലയിട്ടത്. ലേലമില്ലാതെ ഇത് കൈമാറാൻ കോർപറേഷൻ ശ്രമിച്ചു. എന്നാൽ 2014 ൽ ഭൂമി കൈമാറ്റം സംസ്ഥാന ഗവൺമെൻറ് തടഞ്ഞു.
എന്നാൽ ഇത്രയും നാളും പത്താൻ ഈ ഭൂമി കൈവശം വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിൽ ഭൂമി ഒഴിഞ്ഞു നൽകണമെന്നു കാട്ടി കോർപറേഷൻ നോട്ടീസ് നൽകി. എന്നാൽ ക്രിക്കറ്റ് താരം പ്രതികരിച്ചില്ല.
ഇതിനിടെ അദ്ദേഹം പശ്ചിമ ബംഗാളിൽ നിന്ന് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പ്ലോട്ട് ഒഴിഞ്ഞുപോകാൻ നൽകിയ നോട്ടീസിനെ താരം ഗുജറാത്ത് ഹൈകോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
ഭൂമിക്ക് നിലവിലുള്ള മാർക്കറ്റ് വില നൽകി സ്വന്തമാക്കാം എന്ന ആവശ്യമാണ് പത്താൻ ഉന്നയിച്ചത്. എന്നാൽ ഇത് നിരസിച്ച കോടതി താരം ഭൂമി അനധികൃതമായി കൈകേറിയതായി കണ്ടെത്തുകയായിരുന്നു.
അന്തർദേശീയ ക്രിക്കറ്റ് താരമെന്ന നിലയിൽ പത്താൻ നിയമത്തെ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ സമീപിക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. ഫൈൻ വാങ്ങി ഭൂമി തരപ്പെടുത്തി കൊടുക്കാമെന്ന കോർപറേഷന്റെ ആവശ്യവും കോടതി നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.