അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്ത്. ഇതിനായി അഞ്ചംഗ കമ്മിറ്റിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയേയാണ് ഗുജറാത്ത് സർക്കാർ നിയോഗിച്ചത്.
ഏകസിവിൽകോഡിനായി ഡ്രാഫ്റ്റും പിന്നീട് നിയമവും ഉണ്ടാക്കാനായി വിരമിച്ച സുപ്രീംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ അധ്യക്ഷതയിൽ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. 45 ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഭരണഘടനയുടെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ് നമ്മൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുകയെന്നത്. ഏകസിവിൽ കോഡ് നടപ്പാക്കുക വഴി തുല്യാവകാശം ഉറപ്പുവരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് നിരോധനം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തുടങ്ങിയ വാഗ്ദാനങ്ങളും യാഥാർഥ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഏകസിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികൾക്ക് ഉത്തരാഖണ്ഡ് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനനടപടിയുമായി ഗുജറാത്തും രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.