ഭോപ്പാൽ: മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച അധ്യാപകന് സസ്പെൻഷൻ. സംസ്ഥാനത്തിന്‍റെ ഹാപ്പിനെസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രാദേശിക വിഭാഗം മേധാവിയും അധ്യാപകനുമായ സകേത് പുരോഹിതാണ് മോദിയെ അനുകരിച്ച വീഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷനിലായത്. സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനാണ് അദ്ദേഹം.
പാചക വാതക വിലക്കയറ്റവുമായി ബന്ധപ്പെട്ടായിരുന്ന സകേത് മിമിക്രി അവതരിപ്പിച്ചത്. പാചക വാതക വില വർധിക്കുന്നത് സാധാരണക്കാരെ ബാധിക്കുന്നതിനെ കുറിച്ച് മോദിയുടെ ശൈലിയിൽ സകേത് സംസാരിക്കുന്ന വിഡിയോ ആണ് വൈറലായത്.
ഗ്യാസിന് വില കൂടിയാൽ ജനങ്ങൾ പഴയതുപോലെ വിറകടുപ്പിലേക്ക് മടങ്ങുമെന്നും ഇത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുമെന്നുമാണ് പരിഹാസ രൂപേണ വീഡിയോയിൽ പറയുന്നത്.
ബി.ജെ.പി എം.എൽ.എ പ്രീതം ലോധിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്. സർക്കാർ ജീവനക്കാരൻ പ്രധാനമന്ത്രിയെ പൊതു മധ്യത്തിൽ അപമാനിക്കുന്നത് സേവന നിയമങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് സസ്പെൻഷൻ.
അതേസമയം തനിക്കെതിരായ നടപടി ഏകപക്ഷീയമാണെന്ന് സകേത് പ്രതികരിച്ചു. പ്രാദേശിക ഒത്തുചേരലിനിടെ തമാശ രൂപേണ അവതരിപ്പിച്ചതാണെന്നും വിശദീകരണം നൽകാൻ അവസരമോ കാരണം കാണിക്കൽ നോട്ടീസോ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.