ചരക്കുസേവന നികുതി: കേരളത്തിന്‍െറ നഷ്ടപരിഹാര ആവശ്യം തള്ളി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നേരിടാന്‍ 10 വര്‍ഷത്തെ ശരാശാരി നികുതി വരുമാനത്തിന്‍െറ 14 ശതമാനം നല്‍കണമെന്ന കേരളത്തിന്‍െറ ആവശ്യം ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തള്ളി. പകരം അഞ്ചു വര്‍ഷത്തെ ശരാശരി നികുതി വരുമാനത്തിന്‍െറ 14 ശതമാനം നല്‍കാന്‍ കൗണ്‍സിലില്‍ ധാരണയായി. നികുതി നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും തുടരും.

അഞ്ചു വര്‍ഷത്തെ ശരാശരി നികുതി കണക്കാക്കിയാല്‍ കേരളത്തിന് വലിയ നഷ്ടം സംഭവിക്കുമെന്ന് കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് മൂന്നു വര്‍ഷം ശരാശരി നികുതി വരുമാനം 11 ശതമാനം മാത്രമായിരുന്നതിനാല്‍ ജി.എസ്.ടി കൗണ്‍സിലിന്‍െറ തീരുമാനം കേരളത്തിന് തിരിച്ചടിയാകും. രണ്ടു വര്‍ഷം 20 ശതമാനം നികുതി വര്‍ധന ലക്ഷ്യമിട്ടാണ് ബജറ്റ് തയാറാക്കിയത്. നികുതി ഇടിവ് ഭാവി വരുമാനത്തെ പ്രതികൂലമായി ബാധിക്കും. ശേഷിക്കുന്ന മാസങ്ങളില്‍ നന്നായി നികുതി പിരിവ് നടത്തിയാല്‍പോലും നടപ്പുവര്‍ഷം 14 ശതമാനമേ നികുതി ലഭിക്കൂ.

ചരക്കു സേവന നികുതി നിരക്കുകള്‍ ഇന്ന് തീരുമാനിച്ചേക്കും. നികുതി ചുമത്തപ്പെടുന്ന 20-25 ശതമാനം വസ്തുക്കളും സേവനങ്ങളും ഈ പരിധിയില്‍ വരും. പരമാവധി 26 ശതമാനം നികുതി നിരക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, ആഡംബര വസ്തുക്കള്‍ക്ക് 30ലധികം ആകാമെന്നാണ് കേരളത്തിന്‍െറ നിലപാട്. സംസ്ഥാനങ്ങളുടെ വരുമാനം കൂട്ടാന്‍ കൂടിയനിരക്ക് 34 ശതമാനവും കുറഞ്ഞ നിരക്ക് നാലിലും ഒതുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കുറഞ്ഞനിരക്ക് നാലു ശതമാനമായാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്ന് തോമസ് ഐസക് പറഞ്ഞു. പുകയില ഉല്‍പന്നങ്ങള്‍, കോളകള്‍ എന്നിവക്ക് സെസ് ചുമത്തി നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര നീക്കത്തെയും കേരളം എതിര്‍ത്തു. കൂടിയ നിരക്ക് 26 ശതമാനത്തില്‍ ഒതുക്കുന്നതും സെസിന് വഴിയൊരുക്കാനാണെന്ന് തോമസ് ഐസക് പറഞ്ഞു.

 

Tags:    
News Summary - GST

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.