‘സഞ്ചാർ സാഥി’ ആപ് ഫോണിൽ നിർബന്ധം; മൂന്നുമാസത്തിനകം നടപ്പാക്കാൻ സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് നിർദേശം

ന്യൂഡൽഹി: പുതുതായി വിപണിയിലെത്തിക്കുന്ന ഫോണുകളിൽ ‘സഞ്ചാർ സാഥി’ സൈബർ സുരക്ഷ ആപ്ലിക്കേഷൻ ഉണ്ടായിരിക്കണമെന്ന് സ്മാർട്ട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നിർദേശം. 90 ദിവസത്തിനകം നടപ്പാക്കാനാണ് ആപ്പിൾ, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങി കമ്പനികൾക്ക് ലഭിച്ച നിർദേശം.

നിലവിൽ ‘സഞ്ചാർ സാഥി’ ആപ് ആപ്പിൾ സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ ആപ് സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. സർക്കാർ ആപ്പുകളോ മൂന്നാം കക്ഷി ആപ്പുകളോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്നത് തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടുള്ള ആപ്പിൾ പുതിയ നിർദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ.

നിർദേശം ഇങ്ങനെ

സൈബർ -ഫോൺ തട്ടിപ്പുകൾ തടയാനുള്ള ‘സഞ്ചാർ സാഥി’ ആപ് ഇൻബിൽറ്റ് ആയി ഇൻസ്റ്റാൾ ചെയ്യണം. ഡിലീറ്റ് ചെയ്യാൻ കഴിയരുത്. നേരത്തേ വിൽപന നടത്തിയ ഫോണുകളിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ വഴി ആപ്ലിക്കേഷൻ ലഭ്യമാക്കണം.

സഞ്ചാർ സാഥി എന്തിന് ?

നഷ്ടപ്പെട്ട ഫോൺ എവിടെയെന്ന് കണ്ടുപിടിക്കാനും സംശയകരമായ കാളുകളും സന്ദേശങ്ങളും അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും ആപ് സഹായിക്കും. നഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോൺ വീണ്ടെടുക്കാനും ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ് വഴി കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.

Tags:    
News Summary - Govt mandates pre-installation of 'Sanchar Saathi' app on all phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.