ലക്ഷദ്വീപിൽ മദ്യമൊഴുക്കാൻ ഭരണകൂടം; കരട് ബില്ലിനെതിരെ പ്രതിഷേധം ശക്തം

കൊച്ചി: മദ്യനിരോധിത പ്രദേശമായ ലക്ഷദ്വീപിൽ മദ്യമൊഴുക്കാനുള്ള പദ്ധതിയുമായി ഭരണകൂടം രംഗത്ത്. എക്സൈസ് റെഗുലേഷൻ കരട് ബില്ലിൽ ജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് അഡ്മിനിസ്ട്രേഷൻ. ദ്വീപിന്‍റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന നടപടിയിൽ ഇതിനോടകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2022 എന്ന പേരിലാണ് ആഗസ്റ്റ് മൂന്നിന് കരട് ബില്ല് പുറപ്പെടുവിച്ചത്. ഇതിനോടുള്ള അഭിപ്രായം 30 ദിവസത്തിനുള്ളിൽ ജനങ്ങൾ അറിയിക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, എക്സൈസ് കമീഷണറെ നിയമിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപന എന്നിവക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വരുമാനം, വ്യാജമദ്യവിൽപനക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. ബിൽ നിലവിൽ വന്നാൽ 1979ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ തുടങ്ങിയവ എല്ലാ ദ്വീപിലും എത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ അറിയിച്ചു. മുമ്പ് ലക്ഷദ്വീപിൽ മദ്യം വ്യാപകമാക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ അധികൃതർ പിൻവലിഞ്ഞിരുന്നു.

കരട് ബില്ലിനെതിരായ പൊതുജനാഭിപ്രായം collectorate2@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, കലക്ടറേറ്റ്, യൂനിയൻ ടെറിട്ടറി ഓഫ് ലക്ഷദ്വീപ്, കവരത്തി വിലാസത്തിലോ ആണ് അയക്കേണ്ടത്. ലക്ഷദ്വീപിലെ സംസ്കാരത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണിതെന്ന് മുഹമ്മദ് ഫൈസൽ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ഗുജറാത്ത് സ്വദേശിയാണ്. എന്തുകൊണ്ട് അവിടെ ഈ മദ്യനയം നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്വീപിന്‍റെ സംസ്കാരം തകർക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്നും മദ്യനയത്തിനെതിരെയുള്ള പൊതുജനാഭിപ്രായം ദ്വീപുകാർ ഒരുമയോടെ രേഖപ്പെടുത്തുമെന്നും ലക്ഷദ്വീപ് സൗത്ത് ഡി.സി.സി പ്രസിഡന്‍റ് എം.ഐ. ആറ്റക്കോയ പറഞ്ഞു. മദ്യനിരോധനമുള്ള ദ്വീപിൽ മദ്യം കൊണ്ടുവരുന്നത് പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് എൻ.എസ്.യു.ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

Tags:    
News Summary - Government to serve liquor in Lakshadweep; Protest against the draft bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.