ന്യൂഡൽഹി: ഡൽഹിയിൽ ബസ് സർവീസുകൾ പ്രായോഗികമല്ലാത്ത പ്രദേശങ്ങളിൽ ഇലക്ട്രിക് വാനുകൾ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. ഏഴ് സീറ്റുകളടങ്ങിയ ഇലക്ട്രിക് വാനുകളാണ് പരിഗണനയിലുള്ളതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. നിലവിൽ പദ്ധതി പ്രാഥമിക ഘട്ടത്തിലാണ്. വാഹനങ്ങളുടെ നിർമാണ രീതിയും മോഡലും നിർദ്ദേശിക്കുന്നതിനായി താല്പര്യമുള്ള ഓപ്പറേറ്റർമാർക്കും ഇലക്ട്രിക് വാഹന നിർമാതാക്കൾക്കും അവസരമൊരുക്കുന്നു.
`ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിക്കായി ഗ്രാമീൺ സേവയ്ക്ക് സമാനമായ ഇ.വി അടിസ്ഥാനമാക്കിയുള്ള പങ്കാളിത്ത ഗതാഗത മാതൃകയാണ് ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നത്. ഇടുങ്ങിയ റോഡുകളിലൂടെ എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്നതും എന്നാൽ താങ്ങാനാവുന്ന നിരക്കിലുള്ളതുമായ ചെറിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുക എന്നതാണ് ആശയം. വാഹനത്തിന്റെ സവിശേഷതകൾ ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല ബന്ധപ്പെട്ടവർക്ക് അനുയോജ്യമായ മോഡലുകൾ നിർദേശിക്കാൻ കഴിയും' വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ടി ചേർത്തു.
സർക്കാരോ അംഗീകൃത സ്വകാര്യ ഓപ്പറേറ്റർമാരോ ആയിരിക്കും വാഹനങ്ങളുടെ ചുമതല വഹിക്കുക. കുറഞ്ഞ നിരക്കിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഇവ സർവീസ് നടത്തും. കോലനികൾ, ഗ്രാമങ്ങൾ, ഇടുങ്ങിയ റോഡുകളുള്ളതും ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും മറ്റുമുള്ള യാത്രപ്രതിസന്ധികൾ പരിഹരിക്കുക എന്ന് ലക്ഷ‍്യത്തോടെയാണ് പദ്ധതി രൂപീകരിക്കുന്നത്.
`പാരട്രാൻസിറ്റിന്‍റെ വൈദ്യുതീകരണം ഒരു സുപ്രധാന ചുവടുവെപ്പാണ്. കാരണം നഗര ഗതാഗതത്തിൽ ഇത്തരം സേവനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരമ്പരാഗത ബസുകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ഫസ്റ്റ്, ലാസ്റ്റ്, മെയിൻ മൈൽ കണക്റ്റിവിറ്റി ഇവ നൽകുന്നു. ഏഴ് സീറ്റുകളുള്ള ഇലക്ട്രിക് വാനുകൾ അവതരിപ്പിക്കുന്നത് കുറഞ്ഞ ചിലവിലുള്ള യാത്രാസൗകര്യം വർധിപ്പിക്കാനും പ്രാദേശിക മലിനീകരണം കുറയ്ക്കാനും സഹായിക്കും' ഐ.സി.സി.ടി ഇന്ത്യ മേധാവി അമിത് ഭട്ട് കൂട്ടി ചേർത്തു.
പെർമിറ്റ് അടിസ്ഥാനമാക്കിയുള്ള ഫീഡർ സർവീസ് ഏർപ്പെടുത്തുന്നതിലൂടെ ഡൽഹിയിലുടനീളമുള്ള ഇ-റിക്ഷകളുടെ ക്രമാതീതമായി വർധനവിനെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന് നിലവിലെ വാണിജ്യ വാഹന പെർമിറ്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.പൊതുഗതാഗത-വാണിജ്യ വാഹന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് സർക്കാർ അടുത്തിടെ വിജ്ഞാപനം പുറപ്പെടുവിച്ച ഇ.വി നയത്തിന് അനുസൃതമായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.